ഉമ്മൻ ചാണ്ടിക്ക് പകരമാര്? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് ; വോട്ടെണ്ണൽ 8ന്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.
പുതുപ്പള്ളി കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. ഝാര്‍ഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്‌സാനഗര്‍, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന ധന്‍പുര്‍, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശില്‍ ദാരാ സിങ് ചൗഹാന്റെ രാജിയെത്തടുര്‍ന്ന് ഒഴിവുവന്ന ഘോസി, ഉത്തരാഘണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുക.
1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർത്ഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.
53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
അതേസമയം സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എൽ ഡി എഫിൽ നിന്നും പുറത്തുവരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാർട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കുകയാണ് സി പി എം. ഇതിന്‍റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകിക്കഴിഞ്ഞു.
ജെയ്ക് സി തോമസ് തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നത്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തിൽ ഊന്നിയാണ് സി പി എമ്മിന്‍റെ പ്രവര്‍ത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നൽകിയിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


