110–ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത; ഉമ്മയെ സ്‌കൂളിൽ കൊണ്ടുപോകുന്ന മകൻ

ജിദ്ദ: അറിവ് നേടാൻ പ്രായം ഒരു തടസ്സമാണോ? എന്നാൽ അതൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ശതാബ്ദിയുടെ നിറവിലും ആ വന്ദ്യ വയോധിക. സൗദി വനിത നൗദ അൽ ഖഹ്താനിയാണ് 110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് പഠനം ആരംഭിച്ചത്.

സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് ഇവർ ഇപ്പോൾ പഠിക്കുന്നത്. നിരക്ഷരത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് കൗതുകകരമായ ഈ പഠനം.

 

 

ആഴ്‌ചകൾക്ക് മുൻപ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിർമാർജന പരിപാടിയിൽ ചേർന്നതിനുശേഷം ഇവർ മറ്റ് അൻപതിലധികം പേർക്കൊപ്പം എല്ലാ ദിവസവും സ്‌കൂളിൽ ഹാജരാകുന്നുണ്ട്. നാല് മക്കളുടെ അമ്മയാണ് ഇവർ. മൂത്ത ‘കുട്ടി’ക്ക് 80, ഇളയ ‘കുട്ടി’ക്ക് 50 എന്നിങ്ങനെയാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പറഞ്ഞു.

നാലു മക്കളും അമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വളരെ വൈകിപ്പോയെന്നത് ശരി തന്നെ, എന്നാൽ ദൈവഹിതം ഇതിപ്പോൾ ചെയ്യാനായിരിക്കും എന്ന് വിശ്വസിക്കുന്നതായി മകൻ മുഹമ്മദ് പറഞ്ഞു. താൻ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോകുകയും ക്ലാസുകൾ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മറ്റൊരു മകൻ പറഞ്ഞു.

ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷവും അഭിമാനവും ഉള്ളതായി ഇളയമകൻ പറഞ്ഞു. 110 വയസ്സിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് അറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. നിരക്ഷരത തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് ഇവർ രാജ്യത്തിന്റെ നേതാക്കളോട് നന്ദി രേഖപ്പെടുത്തുന്ന പോസ്റ്റ് ബിഷയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാഖ സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കിട്ടു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!