ഇൻഡിഗോയിൽ എസിയില്ലാതെ 90 മിനിറ്റ് ദുരിതയാത്ര, വിയർപ്പ് തുടക്കാൻ ടിഷ്യൂ വിതരണം ചെയ്ത് എയര്‍ ഹോസ്റ്റസ് – വീഡിയോ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ ദുഷ്‌കരമായ യാത്രാനുഭവം വിവരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ. എ.സി.യില്ലാതെ ഒന്നര മണിക്കൂര്‍ വിമാനത്തില്‍ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് സഹിച്ച് ഇരിക്കേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. ചണ്ഡിഗഢ്-ജയ്പുര്‍ 6E7261 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

ആദ്യം കത്തുന്ന ചൂടില്‍ പതിനഞ്ചോളം മിനിറ്റ് വിമാനം കയറാനായി യാത്രക്കാര്‍ക്ക് വരിനില്‍ക്കേണ്ടിവന്നു. അകത്തു കയറിയപ്പോള്‍ എ.സി. പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. വിമാനം പറന്നുയര്‍ന്നതു മുതല്‍ ലാന്‍ഡിങ് വരെ എ.സി. പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഇതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെട്ടെന്നും അമരീന്ദര്‍ പറഞ്ഞു.

എയര്‍ ഹോസ്റ്റസ് വിയര്‍പ്പു തുടക്കാനായി യാത്രികര്‍ക്കെല്ലാം ടിഷ്യൂ പേപ്പര്‍ നല്‍കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിമാനത്താവളാധികൃതരോട് കര്‍ശന നടപടി കൈക്കൊള്ളാൻ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. യാത്രക്കാര്‍ ടിഷ്യൂ ഉപയോഗിച്ച് വീശുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

നേരത്തേ എൻജിൻ തകരാർ മൂലം ഡല്‍ഹിയിലേക്കു പറന്ന ഒരു ഇന്‍ഡിഗോ വിമാനം പാട്‌നയില്‍ ഇറക്കിയിരുന്നു. വിമാനം പറന്നുയര്‍ന്ന് മൂന്ന് മിനിറ്റുകള്‍ക്കകമായിരുന്നു ഇത്. മറ്റൊരു സംഭവത്തില്‍ റാഞ്ചിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതികപ്പിഴവ് മൂലം പറന്നുയര്‍ന്ന് അധികം വൈകാതെ ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതികത്തകരാറുള്ളതായി പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

വീഡിയോ കാണാം…

 

Share
error: Content is protected !!