കോഴിക്കോട്ട് ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പേരാമ്പ്ര  പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

 

സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംക്‌ഷനിൽനിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ മുന്നിൽ തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറിക്കിട്ടാനാണ് ഡോക്ടർ ഹോൺ മുഴക്കിയത്. മുന്നിലെ കാറിൽ നിന്നിറങ്ങിയ യുവാവ്  ഡോക്ടറുമായി വഴക്കിട്ടു. ഡോക്ടർ നിർത്താതെ ഇയാളുടെ കാർ ഓവർടേക്ക് ചെയ്ത് ഓടിച്ചുപോയി. എന്നാൽ പിന്തുടർന്നെത്തിയ യുവാവ് ഡോക്ടറുടെ കാർ പി.ടി. ഉഷ റോഡ് ജംക്‌ഷനിലെത്തിയപ്പോൾ മുന്നിൽ കാർ കയറ്റി തടയുകയും ഇറങ്ങിച്ചെന്ന് മർദിക്കുകയുമായിരുന്നു.

 

വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ ഇടിച്ചുവീഴ്ത്തി. തുടർന്ന് കാറിൽ നിന്നു വലിച്ചുപുറത്തിട്ടും ആക്രമിച്ചു.  മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ച് സമീപത്തെ ഫ്ലാറ്റിലേക്ക് മാറ്റിയത്. നാട്ടുകാർ തടഞ്ഞെങ്കിലും ബഹളത്തിനിടയിൽ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവർ നൽകിയ വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണു കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!