ഇനി രക്തമെത്തിക്കാൻ ഡ്രോണുകളും; പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

സൗദിയിൽ ഇനി രക്തമെത്തിക്കാൻ ഡ്രോണുകളും. പദ്ധതിയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയവും, സൗദി തപാൽ കോർപ്പറേഷൻ “സോബോൾ” മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തീർഥാടകർക്ക് നൽകുന്ന അടിയന്തിര ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് രക്തയൂണിറ്റുകൾ കൈമാറാൻ ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതെന്ന് അധികൃതർ വിശദീകരിച്ചു.

തീർഥാടകർക്ക് നൽകുന്ന ആംബുലേറ്ററി സേവനങ്ങളുടെ വേഗതയും സുരക്ഷാ മാനദണ്ഡങ്ങളും വർധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണിത്. ഈ വർഷത്തെ ഹജ്ജിന് മുമ്പാണ് പരീക്ഷണം നടന്നത്. പുണ്യസ്ഥലങ്ങളിലെത്തിയ ഹാജിമാർക്ക് രക്തം ആവശ്യമായി വന്നപ്പോൾ ഡ്രോണുകളുപയോഗിച്ച് വളരെ വേഗത്തിൽ കൈമാറാൻ സാധിച്ചു.

തീർഥാടകർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, പരിക്കേറ്റവർക്കും അത്യാഹിതങ്ങൾക്കും ഗുരുതരാവസ്ഥകൾക്കും ഡ്രോണുകൾ ഉപയോഗിച്ച് വേഗത്തിലും സുരക്ഷിതമായും രക്തം എത്തിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്.

വരാനിരിക്കുന്ന ഹജ്ജ് സീസണുകളിൽ ഇത്തരത്തിലുള്ള ഡ്രോണുകളുടെ സേവനം ഉപയോഗിക്കും.  ഇതിലൂടെ സാധാരണയായി ഉണ്ടാകാറുള്ള ഗതാഗത തടസ്സങ്ങളെ അതിജീവിച്ച് വളരെ വേഗത്തിൽ രക്ത യൂണിറ്റുകൾ എത്തിക്കാനാകും. സാധാരണയായി ഹജ്ജ് വേളയിലെ തിരക്കിനിടയിൽ റോഡ് മാർഗ്ഗം രക്തമെത്തിക്കാൻ രണ്ടര മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ ഡ്രോണുകൾ ഉപയോഗിച്ച് രണ്ടര മിനുട്ട് കൊണ്ട് ഇത് സാധ്യമാകുമന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!