ആലുവ കൊലപാതകം: അന്വേഷണവുമായി സഹകരിക്കാതെ പ്രതി, പത്തുദിവസം കസ്റ്റഡിയില്‍ വിട്ടു
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിനെ പത്തുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി അനുവദിക്കുകയായിരുന്നു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പത്തു ദിവസം കസ്റ്റഡിയില്‍ വിടണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അസ്ഫാക്ക് കേരളത്തില്‍ എത്തിയത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ഇയാള്‍ക്കെതിരേ ഡല്‍ഹിയില്‍ പോക്‌സോ കേസുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2018ല്‍ ഗാസിപൂരില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസില്‍ ഒരു മാസം ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
വിരലടയാളം വെച്ച് നടത്തിയ പരിശോധനയിലാണ് ഈ കേസിലും അസ്ഫാക്ക് പ്രതിയാണെന്ന് മനസ്സിലായത്. മറ്റിടങ്ങളിലും സമാനമായ കേസുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സ്വദേശമായ ബിഹാറില്‍ ഉള്‍പ്പെടെ അന്വേഷണസംഘം നേരിട്ട് പോകുമെന്ന് റൂറല്‍ എസ്.പി. അറിയിച്ചു.
അസ്ഫാക്കിനെ ഇന്ന് രാവിലെ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുമായി പോകുന്നതുകണ്ട ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി, ബസ് കണ്ടക്ടര്‍, യാത്രക്കാരി എന്നിവരാണ് ജയിലില്‍ പ്രതിയെ തിരിച്ചറിഞ്ഞത്.
അതേസമയം പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് ആലുവ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസ് പറഞ്ഞു. രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്യും. ബിഹാറിൽനിന്ന് എപ്പോൾ പുറപ്പെട്ടു, ഡൽഹിയിൽനിന്ന് കേരളത്തിൽ എപ്പോൾ എത്തി എന്നീ കാര്യങ്ങൾ പരിശോധിക്കുമെന്നും ഡി.ഐ.ജി പറഞ്ഞു.
2018ൽ ഇയാൾക്കെതിരെ കേസുണ്ടെന്നാണ് വിവരം. അതുകൊണ്ട് മുൻകാല പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം നടത്തും. പ്രതിയുടെ പൗരത്വം സംബന്ധിച്ചും പരിശോധിക്കും. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാവൂ എന്നും ഡി.ഐ.ജി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക