‘ആരും സമ്മതിച്ചുപോകുന്ന പീഡനം, മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത് DYSP’-പോലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അഫ്‌സാന
പത്തനംതിട്ട: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിൽ പ്രതിയായിരുന്ന അഫ്‌സാന. തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും അവർ തനിക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചതായും അഫ്‌സാന പറഞ്ഞു.
താൻ അങ്ങിനെ ഒരു തെറ്റ് ചെയ്തിട്ടില്ലെന്ന് അഫ്‌സാന പറഞ്ഞു. ഭർത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല താൻ. തനിക്ക് മാനസിക പ്രശ്‌നങ്ങളുമില്ല. താൻ ജീവനുതുല്യം സ്‌നേഹിച്ച ഭർത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പോലീസാണ്. മുകളിലെ കുഴി താനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും താൻ കാണിച്ച് കൊടുത്തില്ല. പോലീസിന്റെ പുറകിൽ നിൽക്കുക മാത്രമാണ് ചെയ്തത്. ഒറ്റയ്ക്ക് ഇത്തരം ഒരു കൃത്യം തനിക്ക് ചെയ്യാൻ സാധിക്കില്ലെന്നും അഫ്‌സാന കൂട്ടിച്ചേർത്തു.
ആരും സമ്മതിച്ചുപോകും, അതുപോലുള്ള പീഡനങ്ങളാണ് കിട്ടുന്നത്. പോലീസിന്റെ മൂന്നാംമുറയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അവരാണ് പറയുന്നത് ഞാൻ കൊന്നു എന്ന്. എന്റെ കുഞ്ഞിനെ ഓർത്ത് ഞാൻ സമ്മതിച്ചു. കുട്ടികൾക്കുള്ള കൗൺസിലിങ് റൂമിൽ വച്ചാണ് മർദിച്ചത്. ഞാൻ ജയിലിൽ കയറുന്നത് വരെ ഒരുപാട് സഹിച്ചു. വ്യാഴാഴ്ചയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ക്യാമറകളൊന്നും ഇല്ലാ എന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. എന്നാൽ അവിടെ വച്ച് ഞാൻ കാണുന്നത് ധാരാളം ക്യാമറകളാണ്, അഫ്സാന പറഞ്ഞു.
ഏതൊരു ആൾക്കൂട്ടത്തിലും തിരക്കുന്ന മുഖം നൗഷാദിന്റേതാണ്. ഇതിനെ തുടർന്നാണ് അടൂരിൽ വച്ച് നൗഷാദെന്ന് സംശയിച്ച വ്യക്തിയെ കണ്ടപ്പോൾ പോലീസിനെ അറിയിച്ചത്. പിന്നാലെ വിഷയം അന്വേഷിക്കാമെന്ന് പറഞ്ഞവരാണ് തന്റെ പേരിൽ ആരോപണം ഉന്നയിച്ചത്. എന്നാൽ പിന്നീട് സഹിക്കാൻ പറ്റാത്ത വേദനകൾ വന്നപ്പോൾ താൻ ചെയ്യാത്ത തെറ്റ് സമ്മതിച്ചു.
നൗഷാദിനെ സമീപവാസികൾ ചേർന്ന് മർദിച്ചു എന്ന് പോലീസ് പറയുന്ന ദിവസം വീട്ടിൽ നല്ല വഴക്കുണ്ടായിരുന്നു. അന്ന് താൻ കുഞ്ഞുങ്ങളുമായി ഇറങ്ങി. ഈ പ്രശ്‌നങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ദേഹത്ത് ഒരു തുണിയും ഇല്ലാതെ വഴി നീളെ നടന്ന് ചീത്ത വിളിച്ചപ്പോൾ ചിലർ നൗഷാദിനെ മർദിച്ചു. എന്നാൽ ഇവരെയൊന്നും തനിക്ക് അറിയില്ല. തന്റെ കെെയ്യിൽ അന്ന് ഒരു ഫോൺ പോലുമില്ലെന്നും അഫ്സാന പറഞ്ഞു. അടികൊണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഭാഗത്തുള്ള തെറ്റിന് തന്നെയാണെന്നും അഫ്സാന കൂട്ടിച്ചേർത്തു.
നൗഷാദ് ജീവനോടെ ഉണ്ട് എന്നും ഇല്ലാ എന്നും മനസ്സിലുണ്ടായിരുന്നു. പോലീസുകാർ നൗഷാദ് മരിച്ചുവെന്ന് ഉറപ്പിച്ച് പറഞ്ഞു. കേരളത്തിൽ നൗഷാദ് ഇല്ലെന്നും അവർ പറഞ്ഞു. ഞാൻ ജയിലിലായതിന്റെ തൊട്ടടുത്ത ദിവസം നൗഷാദ് പോലീസ് സ്‌റ്റേഷനിലെത്തി, അഫ്‌സാന പറഞ്ഞു.
വഴക്കുണ്ടാകുന്ന സാഹചര്യത്തിൽ നൗഷാദിന് പിണങ്ങി പോകുന്ന സ്വഭാവമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹം ആഴ്ചകളോളം മാറി നിൽക്കാറുണ്ട്. തിരിച്ച് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനാലാണ് പോലീസിൽ പരാതി നൽകാതെ ഇരുന്നത്. എന്നാൽ ഇതിനിടെ നൗഷാദിന്റെ പിതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ് തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. കേസിനെ സംബന്ധിച്ച് തന്നെ ആദ്യം വിളിക്കുന്നത് ഒരു വനിതാ എസ്.ഐയാണ്. ഉച്ചയ്ക്ക് ശേഷമാണ് ഡി.വൈ.എസ്.പി എത്തുന്നത്. ആദ്യം അദ്ദേഹം നല്ല രീതിയിൽ സംസാരിച്ചെങ്കിലും പിന്നീട് സ്വഭാവം മാറുകയായിരുന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ പുറത്ത് പറയാൻ പറ്റില്ല. അതിനുശേഷമാണ് തന്നെ അദ്ദേഹം അടിക്കുന്നത്. ആ അടിയിൽ തന്റെ എല്ലാ ധൈര്യവും നഷ്ടപ്പെട്ടതായും അഫ്‌സാന വ്യക്തമാക്കി.
നൗഷാദിന് ഒപ്പം ജീവിക്കാൻ തനിക്ക് താത്പര്യമില്ല. ഒരുപാട് സഹിച്ചു. വിവാഹമോചനത്തിനുള്ള നടപടിയുമായി മുന്നോട്ട് പോകും. എന്നാൽ അദ്ദേഹം മക്കളെ കാണുന്നതിൽ തനിക്ക് വിരോധമില്ലെന്നും അഫ്‌സാന പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനാണ് തീരുമാനം. ഒരു സ്ത്രീക്കും ഇതുപോലെ ഒരു അവസ്ഥ വരാൻ പാടില്ല. വിഷയത്തിൽ കോടതിയേയും സമീപിക്കും. ഈ വിഷയത്തിൽ നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും അഫ്സാന വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക