‘മകളെ കഴുത്തു ഞെരിച്ചു കൊന്നതായി അവൻ എന്നോട് പറഞ്ഞു, ഞാൻ ആകെ തകർന്നുപോയി’
ന്യൂഡൽഹി: മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി അഫ്താബ് അമീൻ പുനെവാല തന്നോട് പറഞ്ഞതായി കൊല്ലപ്പെട്ട ശ്രദ്ധ വാൾക്കറുടെ പിതാവ് കോടതിയിൽ മൊഴിനൽകി. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ശ്രദ്ധയുടെ കൈമുറിച്ച് അഫ്താബ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെന്നും പിതാവ് കോടതിയെ അറിയിച്ചു. (ചിത്രത്തിൽ ശ്രദ്ധ വാൽക്കറും അഫ്താബ് അമീൻ പൂനവാലയും)
കഴിഞ്ഞ വർഷം മേയ് 18നാണ് ലിവിങ് ടുഗെതർ പങ്കാളിയായ ശ്രദ്ധയെ അഫ്താബ് പുനെവാല കൊലപ്പെടുത്തിയത്. യുവതിയെ കൊന്ന ശേഷം ശരീഭാഗങ്ങൾ മുറിച്ച് ഫ്രിജിൽ വച്ചു. തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലും അഫ്താബ് പുനെവാല ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ വീടിനു സമീപത്തെ കാട്ടിൽ നിന്നാണ് ഭൂരിഭാഗം ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയത്. ശ്രദ്ധയെ കാണാനില്ലെന്നു കാട്ടി പിതാവ് വികാസ് മദൻ വാൾക്കർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
‘‘കഴിഞ്ഞ മൂന്നുവർഷമായി എന്റെ മകളോടൊപ്പം കഴിഞ്ഞിരുന്ന പുനെവാല തന്നെയാണ് ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തത്. അയാൾ പലതവണ അവളെ മർദിച്ചതായി ഞാൻ പൊലീസിൽ മൊഴി നൽകിയിരുന്നു. കൊലചെയ്ത് രണ്ടു ദിവസത്തിനു ശേഷം മേയ് 20ന് ശ്രദ്ധയുടെ അക്കൗണ്ടിൽനിന്ന് അഫ്താബ് തുക പിൻവലിച്ചതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. എന്റെ മകള്‍ എവിടെ എന്ന് ഞാൻ അവനോട് ചോദിച്ചപ്പോൾ അവൾ ജീവിച്ചിരിപ്പില്ലെന്നായിരുന്നു മറുപടി. ഞാൻ തകർന്നുപോയി. പുനെവാല തന്നെയാണ് എന്റെ മകളെ കൊലപ്പെടുത്തിയതെന്നു വ്യക്തമായപ്പോൾ ഞാൻ അവനോട് ചോദിച്ചു. 2022 മേയ് 18ന് തർക്കമുണ്ടായതായും തുടർന്ന് ഛത്തർപുരിലുള്ള അവരുടെ വീട്ടിൽ വച്ച് അവളെ കഴുത്ത് ഞെരിച്ച് കൊന്നതായും പുനെവാല എന്നോട് പറഞ്ഞു.’’– വികാസ് വാൾക്കർ വ്യക്തമാക്കി.
ശ്രദ്ധയെ കൊന്നശേഷം ഒരു വുഡ്കട്ടർ, രണ്ട് ബ്ലേഡുകൾ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ പുനെവാല വാങ്ങിയതായും പിതാവ് മൊഴിനൽകി. ഇരുകൈത്തണ്ടകളും മുറിച്ച് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. 2020ൽ ഭാര്യ മരിച്ച സമയത്താണ് ശ്രദ്ധയോടൊപ്പം ആദ്യമായി പുനെവാലയെ കാണുന്നതെന്നും വികാസ് വാൾക്കർ പറഞ്ഞു. ‘‘2019ൽ പുനെവാലയുമായി ശ്രദ്ധയുടെ ബന്ധം കുടുംബം എതിർത്തിരുന്നു. എന്നാൽ 25 വയസ്സുള്ള സ്ത്രീക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു അന്ന് അവൾ പറഞ്ഞത്. പക്ഷേ, എന്റെ മകളെ അവൻ ഇല്ലാതാക്കി.’’– ശ്രദ്ധയുടെ പിതാവ് വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക