ഖുർആൻ കത്തിച്ച സംഭവം: ഡെൻമാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്ന് അംബാസഡർമാരെ തിരിച്ച് വിളിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങൾക്ക് ഒഐസിയുടെ നിർദ്ദേശം – വീഡിയോ
വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ ഡെൻമാർക്കിനോടും സ്വീഡനോടുമുള്ള ബന്ധത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി) വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിൽ തീരുമാനം. ഇന്നലെ (തിങ്കളാഴ്ച) യായിരുന്നു ഒഐസിയുടെ അടിയന്തിര മീറ്റീംഗ് സൌദിയിൽ ജിദ്ദയിലെ ഒഐസി ആസ്ഥാനത്ത് വിളിച്ച് ചേർത്തത്.
ഇരു രാജ്യങ്ങളോടുമുള്ള രാഷ്ട്രീയ ബന്ധത്തിലും, സാമ്പത്തികവും സാംസ്കാരികവുമായ വിഷയങ്ങളിലും കർശനമായ നിലപാട് സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് ഒഐസി നിർദ്ദേശം നൽകി. ഇരു രാജ്യങ്ങളിലേയും തലസ്ഥാനങ്ങളിൽ നിന്ന് അംബാസഡർമാരെ തിരിച്ച് വിളിക്കാനും യോഗം തീരുമാനിച്ചു.
സംഭവത്തിൽ ഇരു രാജ്യങ്ങളും ഇത് വരെ നടപടികളൊന്നും സ്വീകരിക്കാത്തതിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി നിരാശ പ്രകടിപ്പിച്ചു.
ഡെൻമാർക്കിലും സ്വീഡനിലും വിശുദ്ധ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നത്.
ഖുർആനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഔദ്യോഗിക തലത്തിൽ നടപടികൾ സ്വീകരിക്കാൻ സ്വീഡൻ, ഡെൻമാർക്ക് അധികാരികളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാത്തിൽ ഇരു രാജ്യങ്ങളോടും അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഈ രണ്ട് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉചിതമെന്ന് കരുതുന്ന പരമാധികാര നടപടികൾ സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. സംഭവത്തിൽ അംഗരാജ്യങ്ങളുടെ ആശങ്കകൾ സ്വീഡൻ, ഡെന്മാർക്ക് സർക്കാരുകളേയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനേയും സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിനേയും അറിയിച്ചതായും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
ഇത്തരം പ്രകോപനങ്ങൾ ഭയാനകമായ തലത്തിൽ എത്തിയിരിക്കുന്നുവെന്നും, അത്തരം പ്രവൃത്തികൾ നടത്താൻ അനുമതി നൽകിയ അധികാരികളുടെ നിലപാടിൽ അംഗരാജ്യങ്ങൾക്കുള്ള നിരാശയും അവരെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് ചേർത്തതിന് സൌദി അറേബ്യയേയും ഇറാഖിനെയും സെക്രട്ടറി ജനറൽ അഭിനന്ദനമറിയിച്ചു. ജനങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിൽ സഹിഷ്ണുതയുടെയും ആദരവിൻ്റെയും മൂല്യങ്ങൾ ഏകീകരിക്കേണ്ടതിൻ്റെ പ്രാധാന്യം സൌദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ യോഗത്തിൽ പങ്കുവെച്ചു. കൂടാതെ വിശുദ്ധ ഖുർആൻ അവഹേളിച്ച സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി). യു.എൻ കഴിഞ്ഞാൽ വിവിധ രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയും ഒഐസിയാണ്.
വീഡിയോ കാണാം…
بدأت اليوم الأحد 30 يوليو 2023، في مقر الأمانة العامة في محافظة #جدة، الأعمال التحضيرية للدورة الاستثنائية الثامنة عشرة لمجلس وزراء خارجية #منظمة_التعاون_الإسلامي.#٥٧دولة_ضد_تدنيس_نسخ_المصحف #المصحف_الشريف #القرآن_الكريم pic.twitter.com/rNioVtYe7J
— منظمة التعاون الإسلامي (@oicarabic) July 30, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക