ഗാർഹിക തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് ബാധകമാകും

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.  പുതിയ മാറ്റം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് ബാധകമാകും.

ഗാർഹിക തൊഴിലാളികളോട് മോശമായി പെരുമാറുന്ന തൊഴിലുടമയ്ക്ക് 2000 റിയാൽ വരെ പിഴയോ ഒരു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ്  വിലക്കോ ​​രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളികൾ തൊഴിലുടമയുടെ രഹസ്യസ്വഭാവങ്ങൾ വെളിപ്പെടുത്തിയാൽ പിഴ ഈടാക്കും.

ഗാർഹിക തൊഴിലാളിയുടെ ആരോഗ്യത്തിനേയും ശരീരത്തിനേയും അപകടകരമായി ബാധിക്കുന്ന ജോലിക്ക് നിയോഗിക്കാൻ പാടില്ല. തൊഴിലാളിയുടെ മാനുഷിക അന്തസ്സിനെ ബാധിക്കുന്നതൊന്നും  ചെയ്യാൻ പാടില്ലാത്തതാണ്.

ഗാർഹിക തൊഴിലാളികൾ നിയമ ലംഘനം നടത്തിയാൽ 2,000 റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രാജ്യത്ത് സ്ഥിരമായി ജോലി ചെയ്യുന്നതിന് വിലക്കോ, അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കും.

ചട്ട ലംഘനങ്ങളുടെ ബാഹുല്യം കൊണ്ട് പിഴകൾ വർദ്ധിച്ചാൽ, തൊഴിലാളിക്ക് തന്റെ രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള ചെലവ് സ്വയം വഹിക്കേണ്ടിവരും. അതേ സമയം തൊഴിലാളിക്ക് പിഴ അടയ്‌ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെങ്കിൽ സർക്കാർ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും പുതിയ ചട്ടം അനുശാസിക്കുന്നു.

പിഴയ്ക്കും നാടുകടത്തലിനും വിധേയരാകാതിരിക്കാൻ വീട്ടുജോലിക്കാരൻ കരാർ പ്രകാരമുള്ള ജോലി നിർവഹിക്കേണ്ടതാണ്. കരാർ പ്രകാരമുള്ള ജോലി ചെയ്യാൻ തൊഴിലുടമയോ കുടുംബാംഗങ്ങളോ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ തൊഴിലാളി ബാധ്യസ്ഥതനായിരിക്കും.

ഗാർഹിക തൊഴിലാളി തൊഴിലുടമയുടെ സ്വത്ത് സംരക്ഷിക്കുകയും, കുടുംബത്തിലെ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്യരുത്. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും രഹസ്യങ്ങൾ സംരക്ഷിക്കാനും തൊഴിലാളിക്ക് ബാധ്യതയുണ്ട്.

നിയമലംഘനം നടത്തുന്ന തൊഴിലുടമയ്‌ക്കെതിരെ 2,000 റിയാൽ വരെ പിഴയോ ഒരു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കോ, ​​അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു.

ലംഘനം ആവർത്തിച്ചാൽ തൊഴിലുടമക്ക് 2,000 റിയാലിൽ കുറയാത്തതോ 5000 റിയാലിൽ കൂടാത്തതോ ആയ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. ലംഘനം മൂന്നാം തവണയും ആവർത്തിച്ചാൽ ബന്ധപ്പെട്ട കമ്മിറ്റി തൊഴിലുടമക്ക് റിക്രൂട്ട്‌മെന്റിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഗാർഹിക തൊഴിലാളിയെ കൊണ്ട് കരാർ  പ്രകാരമുള്ള ജോലിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കാൻ പാടില്ല. അതേ സമയം നിർബന്ധിതാവസ്ഥയിൽ അവനെ ഏൽപ്പിക്കാനുദ്ദേശിക്കുന്ന ജോലി യഥാർത്ഥ ജോലിയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമല്ലെങ്കിൽ ഇതിൽ ഇളവുണ്ടാകും.

തൊഴിലാളിക്ക് കരാർപ്രകാരം പ്രതിമാസം ശമ്പളം നൽകണം. ഇതിൽ മാറ്റമുണ്ടെങ്കിൽ രേഖാമൂലം കരാർ പുതുക്കേണ്ടതാണ്. വേതനവും അതിന്റെ അവകാശങ്ങളും പണമായോ ചെക്കായായോ നൽകണം, കൂടാതെ തൊഴിലാളി തന്റെ ബാങ്കിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് രേഖാമൂലം രേഖപ്പെടുത്തണം. പ്രതിദിനം 9 മണിക്കൂറിൽ കുറയാത്ത സമയം തൊഴിലാളിക്ക് ദൈനംദിന വിശ്രമ സമയം അനുവദിക്കേണ്ടതാണ്.

അതോടൊപ്പം മനഃപൂർവമോ അശ്രദ്ധമായോ കേടുവരുത്തിയതല്ലാതെ സാലറിയിൽ ഒരു കുറവും വരുത്തരുതെന്നും അത് വേതനത്തിന്റെ പകുതിയിൽ കവിയരുതെന്നുമുള്ള, ആർട്ടിക്കിൾ 9 ലെ പഴയ നിയന്ത്രണം മാറ്റമില്ലാതെ തുടരുമെന്നും പുതിയ നിയമം അനുശാസിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!