വാഹനവും ഡ്രൈവിങ് ലൈസന്‍സുമില്ല, ട്രാഫിക് പിഴയടക്കണമെന്ന് സന്ദേശം; പുതിയ തട്ടിപ്പിനെ കരുതിയിരിക്കുക, മുന്നറിയിപ്പുമായി അധികൃതര്‍
ട്രാഫിക് പിഴയുണ്ടെന്നും കൂടെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍. ട്രാഫിക് നിയമലംഘനം നടത്തിയവര്‍ക്കല്ല ഈ ഇമെയില്‍ ലഭിച്ചത്. വാഹനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ക്കും വരെ ട്രാഫിക് പിഴയടയ്ക്കണമെന്ന രീതിയില്‍ സന്ദേശം ലഭിച്ചു. സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു രീതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ദുബൈ പൊലീസ്.
ദുബൈ പൊലീസാണെന്ന വ്യാജേന ഔദ്യോഗിക ലോഗോയ്ക്ക് സമാനമായ ലോഗോയും മറ്റും ഉപയോഗിച്ചാണ് സൈബര്‍ തട്ടിപ്പുകാര്‍ ഇമെയില്‍ അയയ്ക്കുന്നത്. ഇമെയിലില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദുബൈ പൊലീസിന്റേതിന് സമാനമായ ഒരു വെബ്സൈറ്റ് തുറക്കുന്നു. ഇതില്‍ വ്യക്തിഗത വിവരങ്ങളാണ് ചോദിച്ചിട്ടുള്ളത്. പിഴ അടയ്ക്കുന്നതിനായി ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങളും വെബ്സൈറ്റില്‍ ചോദിക്കും. ഇമെയില്‍ ലഭിച്ചിട്ടും പ്രതികരിക്കാത്തവര്‍ക്ക് അവസാന ഓര്‍മ്മപ്പെടുത്തല്‍ എന്നുള്ള രീതിയില്‍ മറ്റൊരു മെയില്‍ കൂടി അയയ്ക്കും. ഏഴു ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന മെയിലാണിത്. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ദുബൈ പൊലീസ്.
ദുബൈ പൊലീസിന്റേതെന്ന തരത്തില്‍ വരുന്ന മെയിലുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണമെന്നും തട്ടിപ്പില്‍ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. ദുബൈ പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച മുന്നറിയിപ്പിന് താഴെ നിരവധി പേരാണ് തങ്ങള്‍ക്കും സമാനമായ മെയില്‍ ലഭിച്ചെന്ന് പ്രതികരിച്ചിട്ടുള്ളത്. രണ്ട് ട്രാഫിക് പിഴയുണ്ടെന്ന് മെയില്‍ ലഭിച്ചതായി ഒരു ട്വിറ്റര്‍ ഉപയോക്താവ് മറുപടി നല്കി. മുന്‍ പ്രവാസികള്‍ക്കും കാറും ഡ്രൈവിങ് ലൈസന്‍സും ഇല്ലാത്തവര്‍ക്കും വരെ ഇത്തരത്തിലുള്ള വ്യാജ മെയിലുകള്‍ ലഭിച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത മെയില്‍ അഡ്രസുകളില്‍ നിന്ന് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മെയിലുകള്‍ ലഭിച്ചതായും എന്നാല്‍ തനിക്ക് ഡ്രൈവിങ് ലൈസന്‍സ് പോലുമില്ലെന്നും മറ്റൊരു സ്ത്രീ പ്രതികരിച്ചു. ഇത്തരത്തിലുള്ള മെയില്‍ ലഭിക്കുകയാണെങ്കില്‍ അതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വിവരം ഉടന്‍ തന്നെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുതെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. യുഎഇയിലെ നിയമപ്രകാരം ഇത്തരം തട്ടിപ്പുകാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273