ദമ്മാം വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു; ആളപായമില്ല

ദമ്മാം: സൗദിയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 2.15 ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നൈൽ എയർ വിമാനത്തിനാണ് തീ പിടിച്ചത്. എയര്‍ബസ് A320 ശ്രേണിയിൽപ്പെട്ട വിമാനത്തിന്റെ ടയറിനായിരുന്നു തീ പിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് ടേക്ക് ഓഫിൽ നിന്ന് പിൻവാങ്ങുകയും വിമാനത്താവളത്തിലെ അഗ്നി ശമന വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
.
എയര്‍പോര്‍ട്ടിലെ അഗ്നിശമന സേന  വിമാനത്തിലെ തീ അണക്കുകയും യാത്രക്കാരെ എമർജൻസി വാതിലുകളിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്റർ അന്വേഷണം ആരംഭിച്ചതായി ദേശീയ ഗതാഗത സുരക്ഷാ കേന്ദ്രം അറിയിച്ചു. 186 യാത്രക്കാരും 8 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആർക്കും ആളപായങ്ങളൊന്നുമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
.


.

Share