സൗദിയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യത തെളിയിക്കൽ നിർബന്ധമാക്കി; ഇന്ത്യയിൽ രണ്ട് കേന്ദ്രങ്ങൾ

സൌദി അറേബ്യയിലേക്ക് പുതിയതായി തൊഴിൽ വിസയിൽ വരാൻ യോഗ്യത തെളിയിക്കണം. വിസയുടെ പ്രൊഫഷനിൽ രേഖപ്പെടുത്തിയിട്ടുള്ള ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് മാത്രമേ നാട്ടിൽ നിന്നും വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനിലുളളവർ പ്രത്യേക ടെസ്റ്റിലൂടെയാണ് യോഗ്യത തെളിയിക്കേണ്ടത്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കില്ല. ജൂണ് 1 മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും.

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പുതിയ തൊഴിൽ വിസയിൽ സൌദിയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികളാണ് യോഗ്യത പരീക്ഷ പാസാകേണ്ടത്. പുതിയ വിസയിൽ വരാൻ ആഗ്രഹിക്കുന്നവർ https://svp-international.pacc.sa എന്ന അക്രിഡിയേഷൻ വെബ്സൈറ്റിൽ ഇതിനായുള്ള അപേക്ഷ സമർപ്പിക്കണം. നിലവിൽ  29 വിദഗ്ദ്ധ ജോലികൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇലക്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്‌നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ എന്നീ തൊഴിലാളികൾക്ക് മാത്രമാണ് യോഗ്യത തെളിയിക്കാനുള്ള പരീക്ഷ സെന്ററുകൾ കാണിക്കുന്നത്.

രണ്ട് സെൻ്ററുകളാണ് ഇന്ത്യയിലുള്ളത്. ഡൽഹിയിലും മുംബെയിലുമാണ് പരീക്ഷാ സെന്ററുകൾ. ഡൽഹിയിലെ ഡോൺബോസ്‌കോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അറബ് ടെക്ക് ബി.എസ്.എൽ ട്രെയിനിങ് ആൻഡ് ടെസ്റ്റിംഗ് സെന്റർ എന്നീ രണ്ട് സെന്ററുകളിലും, മുംബെയിലെ ഹോസ്റ്റൻ ടെസ്റ്റിംഗ് ആൻഡ് സ്കിൽ അപ്ഗ്രഡേഷൻ അക്കാദമി, അഗ്‌നിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട് എന്നീ രണ്ട് സ്ഥാപനങ്ങളിലുമായി യോഗ്യത തെളിയിക്കാം.

ഏതൊക്കെ പ്രൊഫഷനുകളിൽ യോഗ്യത തെളിയിക്കണമെന്നും, യോഗ്യത പരീക്ഷ എപ്രകാരമായിരിക്കുമെന്നതിനെ കുറിച്ചും ഇപ്പോൾ വിവരങ്ങൾ ലഭ്യമായിട്ടില്ല. എങ്കിലും ജൂണ് 1 മുതൽ യോഗ്യത തെളിയിക്കുന്ന രേഖ സമർപ്പിക്കാത്ത പാസ്പോർട്ടുകൾ വിസ സ്റ്റാമ്പിംഗിനായി സ്വീകരിക്കില്ലെന്ന് സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!