താമസസ്ഥലത്തെ തീ പിടുത്തം: മരിച്ച ആറ് പേരുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നു

സൌദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തുണ്ടായ തീ പിടിത്തത്തിൽ മരിച്ച ആറ് ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ ഇന്നും നാളേയുമായി നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മെയ് അഞ്ചിന് പുലർച്ചെയാണ് റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്ത് തീപിടുത്തമുണ്ടായത്.

പെട്രോൾ സ്റ്റേഷനിലേക്ക് പുതിയതായി ജോലിക്കെത്തിയവരായിരുന്നു അപകടത്തിൽ മരിച്ചത്. തീ പിടുത്തത്തിൽ  മലപ്പുറം സ്വദേശികളായ രണ്ട് പേരും, ഇതര സംസ്ഥാനക്കാരായ നാലുപേരുമാണ് ദാരുണമായി മരിച്ചത്.

മലപ്പുറം സ്വദേശി തറക്കൽ അബ്ദുൽ ഹക്കീമിന്‍റെ (31) മൃതദേഹം ഇന്ന് രാത്രി റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലും മലപ്പുറം മേൽമുറി സ്വദേശി കാവുങ്ങാത്തൊടി ഇർഫാൻ ഹബീബി (27) ന്റെ മൃതദേഹം നാളെ രാത്രിയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിലും നാട്ടിലേക്ക് കൊണ്ട് പോകും.

തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ (35), കാർത്തിക കാഞ്ചിപുരം (40), അസ്ഹർ ബോംബേ (26), യോഗേഷ് കുമാർ രാമചന്ദ്ര ഗുജറാത്ത് (38) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തും.

പുത്തൻ സ്വപ്നങ്ങളുമായി നാട്ടിൽ നിന്നെത്തി ആഴ്ചകൾ പിന്നിട്ടപ്പോഴാണ് അപകടം. ഇവരിൽ ചിലർക്ക് ഇഖാമ പോലും ലഭിച്ചത് അപകടത്തിൻ്റെ തൊട്ടുമുമ്പായിരുന്നു. പെട്രോൾ പമ്പിനോട് ചേർന്ന് ഇവർക്ക്  താമസിക്കാനായി ഒരുക്കിയ താമസസ്ഥലത്ത് ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായത്. ജീവിതം പച്ചപിടിപ്പിക്കാനായി പ്രവാസികളായി നാട്ടിൽ നിന്നും ഒരുമിച്ച് വന്ന ആറ് പേരും ഒരുമിച്ചാണ് മടങ്ങുന്നതും.

അപകടം സംഭവിച്ച് വിവരമറിഞ്ഞ് റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവ്വൂരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയത് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലാണ്.

 

തീ പിടുത്തത്തിൽ മരിച്ച അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ്, കാർത്തിക്, സേതുരാമൻ, യോഗേഷ് കുമാർ മിസ്‌ട്രി, അസ്ഹർ അലി മുഹമ്മദ് ശൈഖ്

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!