ഇനി വലിയവൻ ₹500, ആയിരത്തിൻ്റെ നോട്ട് അവതരിപ്പിക്കുമോ?; പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് (ആർബിഐ) തീരുമാനം. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഇവ തുടർന്നും ഉപയോഗിക്കാം. ഇനിമുതൽ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചു.

ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.

 

2016 നവംബർ എട്ടിന് ഇതേപൊലൊരു രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനം ചെയ്തുകൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ നിരോധിക്കുമ്പോൾ രാജ്യത്തിന്റെ ലക്ഷ്യം കള്ളപ്പണം തടയുക എന്നതായിരുന്നു. ഈ നോട്ടുകൾക്ക് പകരമായി രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും പുതിയ നോട്ടുകളും അവതരിപ്പിച്ചിരുന്നു. മൂല്യം കൂടിയ രണ്ടായിരത്തിന്റെ നോട്ടിനെച്ചൊല്ലി വിവിധയിടങ്ങളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു. ചില്ലറയുടെ പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഒറ്റരാത്രി കൊണ്ട്, ഒറ്റപ്രഖ്യാപനത്തിൽ കൂടി 86 ശതമാനം നോട്ടുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് അസാധുവാക്കിയത്. ‘അമ്പത് ദിവസം തരൂ എന്നിട്ടും കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ എന്നെ ശിക്ഷിക്കൂ’ എന്നായിരുന്നു അന്ന് നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞത്. എന്നാൽ നോട്ട് നിരോധനം കഴിഞ്ഞ് ഏഴ് വർഷം പിന്നിട്ടും. വീണ്ടും ഒരു നോട്ട് നോട്ട് നിരോധനം കൂടി ജനങ്ങൾ നേരിടുമ്പോൾ നോട്ട് നിരോധനം കൊണ്ട് ലക്ഷ്യം കൈവരിച്ചോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്.

 

 

 

സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക എന്നത് മാത്രമായിരുന്നില്ലെന്ന് കേന്ദ്രം പിന്നീട് തിരുത്തി. കൈക്കൂലിക്കു തടയിടുക, കള്ളനോട്ടുകൾ ഒഴിവാക്കുക, ഭീകരപ്രവർത്തനത്തിനുള്ള പണം വരവ് നിയന്ത്രിക്കുക, ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഇതിന് പിന്നിൽ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

‘കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടി. റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്- സര്‍ക്കാര്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിന് കരടു പദ്ധതിയും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരുന്നു. വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചുള്ള സാമ്പത്തികനയ തീരുമാനമാണ് സര്‍ക്കാരെടുത്തത്- സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഇപ്രകാരമായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

മാത്രമല്ല, ‘2011-ലെ സെന്‍സസ് പ്രകാരം 48 കോടി തൊഴിലാളികളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നവര്‍. ഇതില്‍ 40 കോടിയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഔദ്യോഗിക മേഖലയിലും അനൗദ്യോഗിക മേഖലയിലുമുള്ള തൊഴില്‍ രംഗത്തെ ഈ അന്തരം അവസാനിപ്പിക്കാന്‍കൂടി വേണ്ടിയായിരുന്നു നോട്ടു നിരോധനമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ ഇടപാടുകളെ ഡിജിറ്റലൈസ് ചെയ്യുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നു’ എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

2016-ലെ നോട്ട്‌ നിരോധനത്തിന്റെ മുഖമായിരുന്നു ശക്തികാന്ത ദാസ്. നോട്ട് നിരോധനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന്: “കള്ളനോട്ടുകൾ തടയുക, കള്ളപ്പണം ഇല്ലാതെയാക്കുക, ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുണ്ടായിരുന്നു നോട്ട്‌ നിരോധനത്തിനു പിന്നിൽ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ നോട്ട് നിരോധനം നടന്നിട്ട് വർഷം ഏഴ് പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചില്ല എന്ന വിമർശനങ്ങൾ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്നു. ഒരുവേള, ബിജെപിയുടെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വരെ 2000 രൂപയെച്ചൊല്ലിയുള്ള വിമശനങ്ങളും ഉയർന്നിരുന്നു. ‘രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ടുകൾ കള്ളപ്പണത്തിന്റെ പര്യായമായെന്നും അവ ഘട്ടംഘട്ടമായി പിൻവലിക്കണം’ എന്നാവശ്യപ്പെട്ട രാജ്യസഭയിൽ ബി.ജെ.പി. അംഗം സുശീൽ കുമാർ മോദി രംഗത്തെത്തിയിരുന്നു.

 

നോട്ട് നിരോധനാന്തരം സംഭവിച്ചത്

നേട്ട് നിരോധനാന്തരം രാജ്യത്ത് ജനങ്ങളാകെ ദുരിതക്കയത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. അസംഘടിത മേഖലയൊന്നാകെ സ്തംഭിച്ചു. പണലഭ്യതയും പണമൊഴുക്കും കുറഞ്ഞു. വ്യവസായ മേഖല ഒന്നാകെ പ്രതിസന്ധിയിലായി. വിപണിയിൽ ആവശ്യത്തിനു പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറു മാസത്തിലധികം വേണ്ടിവന്നു. 2016-’17 സാമ്പത്തികവർഷം 8.3 ശതമാനമായിരുന്നു വളർച്ചയെങ്കിൽ 2019 -’20 സാമ്പത്തിക വർഷമിത് 3.7 ശതമാനത്തിലേക്കു താഴ്ന്നു. തൊട്ടടുത്ത വർഷമെത്തിയ കോവിഡ് ദുരിതം വീഴ്ചയ്ക്ക് ആക്കം കൂട്ടി. വളർച്ച നെഗറ്റീവ് 6.6 ശതമാനത്തിലേക്കു വീണടിഞ്ഞു.

 

തുടർന്നു കൊണ്ടിരിക്കുന്ന നികുതിവെട്ടിപ്പ്

നോട്ട്നിരോധനത്തിന് ശേഷവും നികുതിവെട്ടിപ്പ് തുടർന്നു കൊണ്ടേയിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചരക്ക് – സേവന നികുതി വന്നെങ്കിലും ഇതിലും വ്യാപകമായ വെട്ടിപ്പുകൾ വകുപ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിനുശേഷം സാമ്പത്തികവളർച്ച തിരിച്ചുവന്നതോടെ പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനം ഉയർന്നു. നടപ്പു സാമ്പത്തികവർഷവും കഴിഞ്ഞ സാമ്പത്തിക വർഷവും ബജറ്റിൽ സർക്കാർ പ്രതീക്ഷിച്ചതിനെക്കാൾ നികുതിവരുമാനം കൂടിയിട്ടുണ്ട്. ഇത്തവണ നാലുലക്ഷം കോടി രൂപയുടെയെങ്കിലും അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷംനികുതി റിട്ടേണുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 2020-’21 സാമ്പത്തികവർഷം 5.89 ലക്ഷം റിട്ടേൺ ലഭിച്ചപ്പോൾ 2021-’22 -ലിത് 5.78 ലക്ഷമായി ചുരുങ്ങി. പിഴയോടു കൂടി റിട്ടേൺ നൽകിയവരുടെ കണക്കുകൾ പുറത്തുവരാനുണ്ട്.

കള്ളപ്പണം കുറച്ചോ?

നോട്ടു നിരോധന സമയത്ത് കറൻസി രൂപത്തിലുണ്ടായിരുന്ന കള്ളപ്പണം അഞ്ചു ശതമാനം മാത്രമായിരുന്നുവെന്നാണ് വിദഗ്‌ധർ പറയുന്നത്. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലാണെന്നാണ് കണക്ക്. നോട്ടസാധുവാക്കലിനുശേഷവും അഴിമതി കുറഞ്ഞതായി തെളിവുകളില്ല. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം വരവും സജീവമാണെന്നാണ് റിപ്പോർട്ടുകൾ. വിദേശ സംഭാവനകളിൽ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങളാണ് ഇതിൽ അല്പമെങ്കിലും കുറവു വരുത്തിയിട്ടുള്ളത്.

ഡിജിറ്റൽ മേഖലയിലെ വിപ്ലവ മാറ്റം

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) രംഗത്തുവന്നു. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. തുടക്കത്തിൽ വലിയ ചലനങ്ങളില്ലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ സാധ്യതകൂടി. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം പോലുള്ള സ്വകാര്യകമ്പനികൾ ഈ രംഗത്തേക്കുവന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. 2022 ഡിസംബറിൽ 782 കോടി ഇടപാടുകളാണ് ഈ പ്ലാറ്റ്ഫോമിൽ നടന്നത്. 12.82 ലക്ഷം കോടി രൂപ ഇതുവഴി കൈമറിഞ്ഞു. നവംബറിലെക്കാൾ ഇടപാടുകളുടെ എണ്ണത്തിൽ 7.12 ശതമാനവും മൂല്യത്തിൽ 7.73 ശതമാനവുമാണ് വർധന.

നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി

കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴും കൂടുകയാണ്. ആറു വർഷത്തിനിടയിൽ 83 ശതമാനം വർധന. ഇപ്പോഴും കറൻസിതന്നെയാണ് വിനിമയത്തിലെ പ്രധാന മാർഗമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആർ.ബി.ഐ.യുടെ പുതിയ കണക്കനുസരിച്ച് 32.42 ലക്ഷം കോടി രൂപയുടെ കറൻസികളാണ് വിനിമയത്തിലുള്ളത്. 2016 നവംബർ നാലിനിത് 17.74 ലക്ഷം കോടി മാത്രമായിരുന്നു. അസാധുവാക്കിയ നോട്ടുകളിലുള്ള കള്ളപ്പണം തിരിച്ചെത്തില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തി.

കള്ളനോട്ടടി വർധിച്ചു

കഴിഞ്ഞ സാമ്പത്തിക വർഷം 500 രൂപയുടെ വ്യാജനോട്ടിൽ 101.93 ശതമാനമാണ് വർധന. 2000 രൂപയുടെ വ്യാജനോട്ട് 54 ശതമാനം കൂടി. പത്തു രൂപ നോട്ടിന്റെ 16.45 ശതമാനം, 20 ന്റേത് 16.48 ശതമാനം, 200 ന്റെ 11.7 ശതമാനം. നോട്ട് നിരോധനം നടപ്പാക്കിയ 2016 -ൽ 5.32 ലക്ഷം കള്ളനോട്ടുകൾ പിടിച്ചിരുന്നു. തുടർന്നുള്ള നാലു വർഷങ്ങളിലായി പിടിച്ചെടുത്തത് 18.87 ലക്ഷം കള്ളനോട്ടുകളാണ്.

വർഷങ്ങളുടെ വിത്യാസത്തിൽ മറ്റൊരു നോട്ട് നിരോധനം കൂടിയെത്തുമ്പോൾ രാജ്യത്ത് നോട്ട് നിരോധനം കൊണ്ട് ലക്ഷ്യം വെച്ച കാര്യങ്ങൾ കൈവരിച്ചോ എന്ന ചോദ്യങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

ആയിരം രൂപയ്ക്ക് പകരക്കാരനായാണ് രണ്ടായിരത്തിന്റെ നോട്ട് കേന്ദ്രം അവതരിപ്പിച്ചത്. എന്നാൽ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിക്കുന്നതോടെ നിലവിൽ രാജ്യത്ത് ഏറ്റവും മൂല്യം കൂടിയ കറൻസി 500 രൂപയുടെ നോട്ട് ആണ്. ആയിരം രൂപയുടെ നോട്ട് വീണ്ടും അവതരിപ്പിക്കുമോ എന്നുള്ള ചോദ്യങ്ങളും ആവശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

 

പ്രവാസികൾ ശ്രദ്ധിക്കുക…

നിയമാനുസൃതമായി ബാങ്ക് ഇടപാടുകളിലൂടെയല്ലാതെ നാട്ടിലേക്ക് പണമയക്കുന്നവരും, സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരും, രണ്ടായിരം രൂപയുടെ നോട്ടുകൾ സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബാങ്ക് വഴി ഇടപാടുകൾ നടത്തുന്നവർക്ക് പിൻവലിച്ച 2000 രൂപ നോട്ട് ലഭിക്കില്ല. എന്നാൽ ബാങ്കുകളിലൂടെ അല്ലാതെ പണമയക്കുന്നവർ 2000 രൂപ നോട്ടുകൾ കൈപറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!