സി.പി.ഐക്കും തൃണമൂലിനും എൻ.സി.പിക്കും ദേശീയ പാർട്ടി പദവി നഷ്ടമായി; എഎപി പുതിയ ദേശീയ പാർട്ടി

സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു.

കേരളത്തിലും മണിപ്പുരിലും തമിഴ്നാട്ടിലും സിപിഐ സംസ്ഥാന പാർട്ടിയായി തുടരും. ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും ഇല്ലാതായി. 2014, 2019 വർഷങ്ങളിലെ സീറ്റു നിലയും വോട്ടു ശതമാനവും പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് പുതിയ പട്ടിക പുറത്തുവിട്ടത്.

സിപിഐയ്ക്കു പുറമേ ശരദ് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കും ദേശീയ പാർട്ടി പദവി നഷ്ടമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. ഡൽഹിയിലും പഞ്ചാബിലുമാണ് എഎപി അധികാരത്തിലുള്ളത്. ഡൽഹി, ഗോവ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്.

നിലവിൽ ബിജെപി, കോൺഗ്രസ്, ബിഎസ്പി, എൻപിപി, സിപിഎം, എഎപി എന്നിവയാണ് ദേശീയ പാർട്ടികൾ. എൻസിപിയുടെയും തൃണമൂലിന്റെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രകടനം കണക്കിലെടുത്ത് നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും സംസ്ഥാന പാർട്ടി പദവി നൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത്ത എന്നിവയ്ക്കും സംസ്ഥാന പാർട്ടി പദവി ലഭിച്ചു.

ആന്ധ്രപ്രദേശിൽ ബിആർഎസിന് സംസ്ഥാന പാർട്ടി പദവി നഷ്ടമായി; തെലങ്കാനയിൽ മാത്രമായി പാർട്ടി ഒതുങ്ങി. ഉത്തർപ്രദേശിൽ ആർഎൽഡി, മണിപ്പുരിൽ പിഡിഎ, പുതുച്ചേരിയിൽ പിഎംകെ, ബംഗാളിൽ ആർഎസ്പി, മിസോറമിൽ എംപിസി എന്നീ പാർട്ടികൾക്കും സംസ്ഥാന പാർട്ടി പദവി നഷ്ടമായി.

തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ പാർട്ടി പദവി നൽകുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇലക്‌ഷൻ സിംപൽ (റിസർവേഷൻ ആന്റ് അലോട്ട്മെന്റ്) ഓർഡർ 1968 പ്രകാരമാണ് ഈ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുണ്ടെങ്കിൽ ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കും. ഒരു സംസ്ഥാനത്തു നിന്ന് നാല് എംപിമാർക്കു പുറമേ ലോക്സഭ തിരഞ്ഞെടുപ്പിലോ നിയമസഭ തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.

കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം ലോക്‌സഭാ സീറ്റുകളുടെ 2% എങ്കിലും നേടിയാലും ദേശീയ പാർട്ടി പദവി ലഭിക്കും. ദേശീയ പാർട്ടി പദവി നഷ്ടമായാൽ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് പൊതുചിഹ്നം ഉപയോഗിക്കാൻ കഴിയില്ല. അതായത്, കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി മത്സരിക്കുകയാണെങ്കിൽ അവർക്ക് തൃണമൂലിന്റെ പൊതുചിഹ്നം ലഭിക്കില്ല. ദേശീയ പാർട്ടി പദവി ലഭിക്കുകയാണെങ്കിൽ അത് കർണാടക തിരഞ്ഞെടുപ്പിൽ ഇരട്ടിബലം നൽ‌കുമെന്ന് കഴിഞ്ഞ ആഴ്ച എഎപി എംപി സഞ്ജയ് സിങ് പറഞ്ഞിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!