“എൻ്റെ വീട്ടിൽ പൈസ ഇല്ല, എൻ്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്”; കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി
പരീക്ഷ കഴിഞ്ഞു, ഇനി നീണ്ട അവധി, രണ്ട് മാസം നീളുന്ന അവധിയിൽ പ്രിയപ്പെട്ട കൂട്ടുകാരെ എന്നും കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം. ഇതിന്റെ ചുവടുപിടിച്ച് അവസാന സ്കൂൾ ദിനം ആഘോഷമാക്കിത്തന്നെ പിരിയാം എന്ന ചിന്തയിൽ നിന്നുണ്ടാകുന്ന വിദ്യാർഥികളുടെ ചില കുസൃതികൾ. പലപ്പോഴും കൂടെപ്പഠിക്കുന്നവരെക്കുറിച്ചുള്ള സങ്കടക്കഥകളറിയുന്നത് ചില ആഘോഷ നിമിഷങ്ങളിലായിരിക്കും. ചിരിച്ചും കളിച്ചും കൂടെ നടക്കുന്ന കൂട്ടുകാരിൽ പലരും വലിയ സങ്കടങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നവരാണെന്ന് മനസ്സിലാകാൻ ഏറെ വൈകും. അത്തരത്തിലുള്ള ഒരു സംഭവമാണ് മലപ്പുറത്ത് കാളികാവിലും കഴിഞ്ഞ ദിവസം ഉണ്ടായത്.
മലയോരത്തെ പ്രധാന സ്കൂളാണ് പശ്ചാത്തലം. അവസാനദിവസത്തെ പരീക്ഷയും കഴിഞ്ഞ് ആഘോഷത്തിനിറങ്ങിയതായിരുന്നു വിദ്യാർഥികൾ. നേരത്തെ തന്നെ എല്ലാവരും തീരുമാനിച്ചത് പ്രകാരം, വാഹനങ്ങളിലും മറ്റുമായി പരീക്ഷ കഴിഞ്ഞ ഉടനെ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനിയിലേക്ക് നീങ്ങി, എല്ലാവരും ഒത്തു ചേർന്ന് ആഘോഷപൂർവ്വം പിരിയാം എന്ന ചിന്ത. പിരിയുന്ന നേരത്ത് രംഗം കൊഴുപ്പിക്കാൻ, ഇനി ഒരിക്കലും ഉപയോഗിക്കേണ്ടതില്ലാത്ത യൂണിഫോമുകളിൽ പരസ്പരം ഒപ്പുവെച്ചും ദേഹത്ത് ചായം പൂശിയും പുസ്തകങ്ങൾ കീറിയെറിഞ്ഞുമുള്ള ആഘോഷം. അത്തരത്തിൽ വിദ്യാർഥികൾ മൈതാനത്ത് വെച്ച് പരസ്പരം ചായം വാരിത്തേക്കാനും യൂണിഫോമുകളിൽ ഒപ്പ് ചാർത്താനും ആരംഭിച്ചപ്പോഴാണ് അവർക്കിടയിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ,
“എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്” കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി.
അന്വേഷിച്ചപ്പോൾ മനസ്സിലാകുന്നത്, മലയോര പ്രദേശത്ത് താമസിക്കുന്ന സാമ്പത്തികമായി പ്രയാസത്തിലുള്ള കുടുംബ സാഹചര്യത്തിൽ നിന്നാണ് ഈ കുട്ടി വരുന്നത്. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ സഹോദരിയും ഇതേ സ്കൂളിൽ തന്നെ പഠിക്കുകയാണ്. അനുജത്തിക്കായി അടുത്ത അധ്യയനവര്‍ഷം ഉപയോഗിക്കാന്‍ ഈ യൂണിഫോം അവള്‍ കാത്തുവെക്കുകയാണ്. ആ കരുതല്‍ മാനിക്കാനും കുട്ടികള്‍ക്ക് കഴിയട്ടെ. ധൂര്‍ത്തിന്റെ ലോകത്തിന് ചിലപ്പോള്‍ അത് മനസ്സിലാകണമെന്നില്ല.
നിലവിൽ ഒരു ജോഡി യൂണിഫോമിന് ഏകദേശം ആയിരത്തോളം രൂപ ചിലവ് വരുന്നുണ്ട്. ആഴ്ചയിൽ ഒട്ടുമിക്ക ദിവസങ്ങളിലും യൂണിഫോം ധരിച്ച് സ്കൂളിൽ പോകേണ്ടതിനാൽ രണ്ട് ജോഡി യൂണിഫോം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പായും വേണ്ടതായിട്ടുണ്ട്. രണ്ട് ജോഡി എടുക്കാൻ രണ്ടായിരത്തോളം രൂപ വരും. ഇതിന് പുറമെ പുസ്തകം മറ്റു സ്കൂൾ സാമഗ്രികൾ ഒക്കെയായി വലിയ ചെലവും വഹിക്കേണ്ടതായി വരും. പലപ്പോഴും സാധാരണക്കാരായ ആളുകൾക്ക് ഇത്തരത്തിൽ ഭീമമായ തുക വഹിക്കുക എന്നത് തന്നെ വലിയ പ്രയാസമാണ്. പലരും പുസ്തകങ്ങൾ പഴയത് ഉപയോഗിക്കുമെങ്കിലും യൂണിഫോമുകൾ അധികമാരും വീണ്ടും ഉപയോഗിക്കുന്നത് വളരെ വിരളമായിരിക്കും. അതുകൊണ്ട് തന്നെ അവസാന ദിവസത്തിൽ എല്ലാ വിദ്യാർഥികളും തങ്ങളുടെ യൂണിഫോമുകളിൽ ഒപ്പു ചാർത്തി ചായം പൂശി സന്തോഷത്തോടെ ഓർമ്മകളുമായി മടങ്ങാറാണ് പതിവ്.
ഓട്ടോഗ്രാഫുകളിൽ ഒതുങ്ങിയിരുന്ന ഒപ്പ് ചാർത്തലും കുറിപ്പുകളും ഇപ്പോൾ യൂണിഫോം കുപ്പായത്തിലേക്കും ദേഹത്ത് ചായം പൂശലിലേക്കും എത്തി നിൽക്കുകയാണ്. ഇനി ആവശ്യമില്ലെന്ന തോന്നലിൽ വിദ്യാർഥികൾ പുസ്തകങ്ങളെ കീറിയെറിയുകയും പഠിച്ച ക്ലാസിലെ ബെഞ്ചുകളും ബോർഡുകളും മറ്റു പൊതുമുതലുകൾ നശിപ്പിക്കുന്നതിലേക്ക് വരെ എത്തി നിൽക്കുന്ന ‘കുസൃതികളാണ്’ ഇപ്പോൾ അരങ്ങേറുന്നത്. സ്കൂളുകളിലെ കൊട്ടിക്കലാശം, അതാണ് വേനലവധിക്ക് മുമ്പുള്ള അവസാന പരീക്ഷയ്ക്ക് ശേഷം നടക്കുന്നത്. ആഘോഷപൂർവ്വം, പുതിയ ക്ലാസ്സുകളിൽ വീണ്ടും കാണാം എന്ന വാക്കോടെ വിട ചൊല്ലിപ്പിരിയുന്ന നേരത്തെ വിദ്യാർഥികളുടെ ചില കുസൃതികൾ അതിരുകടക്കാറുണ്ട്. അത്തരത്തിൽ അതിരു കടന്നുള്ള ആഘോഷങ്ങൾക്ക് തടയിടാൻ ഇത്തവണ പോലീസും ജാഗരൂകരായിരുന്നു.
സ്കൂൾ അവസാന ദിവസം ആഘോഷിക്കാനായി തുറന്ന ജീപ്പുകളും ആഡംബര കാറുകളും ബൈക്കുകളും നേരത്തെതന്നെ വിദ്യാർഥികൾ സംഘടിപ്പിച്ച്, കൂട്ടമായെത്തുകയും അപകടകരമാം വിധത്തിൽ വാഹനമോടിക്കുകയും പലപ്പോഴും ഇത് പല അപകടത്തിനും കാരണമാകുന്ന സാഹചര്യങ്ങളും നമ്മൾ കണ്ടതാണ്. ഇത്തവണ അത്തരത്തിലുള്ള പ്രശ്നങ്ങളിലേക്കൊന്നും പോകാതിരിക്കാൻ വേണ്ടി നേരത്തെ തന്നെ പോലീസ് അധ്യാപകർക്ക് നിർദ്ദേശങ്ങളും നൽകിയിരുന്നു. പോലീസിന്റെ പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളിന്റെ ഭാഗത്ത് നിന്ന് പരാതികൾ ലഭിച്ചാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
പരീക്ഷക്കാലം കഴിഞ്ഞു, ഇനി ആഹ്ലാദിക്കാം ആഘോഷിക്കാം. അവധിക്കാലത്തിലേക്ക് കടക്കുമ്പോള്‍, അവസാന ദിനം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഇങ്ങനെയുള്ള സഹപാഠികളേയും ഓര്‍ക്കാം. ആഘോഷം അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. പൂശുന്ന ചായത്തില്‍ വീഴുന്നത് കണ്ണീരാവരുത്. (കടപ്പാട്: മാതൃഭൂമി)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273