കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം, അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂരിലെ ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. മാത്തുക്കുട്ടിയെ പുറകിലെ സീറ്റിലിരുത്തി വിന്‍സായിരുന്നു കാര്‍ ഓടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കിണറ്റിന്റെ ആള്‍മറ തകര്‍ത്ത് കാര്‍ കിണറ്റിലേക്ക് പതിക്കുകയായിരുന്നു എന്നാണ് നിഗമനം.

വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ കയറും ഏണിയും ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി ഇരുവരേയും കാറില്‍ നിന്ന് പുറത്തെത്തിച്ചുവെങ്കിലും മാത്തുക്കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ വിന്‍സിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു.

മാനന്തവാടി സഹായമെത്രാനായി ചൊവ്വാഴ്ച അഭിഷിക്തനായ മാര്‍. അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

മാർ അലക്സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാർ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരേതരായ ലൂക്കോസ്–അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കൾ: ആൻ‌സ്, ലിസ്, ജിസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share