റോഡപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പ്രവാസി ട്രക്ക് ഡ്രൈവര്‍ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റില്‍; പിടിയിലായത് പൊലീസിൻ്റെ സമർത്ഥമായ നീക്കത്തിലൂടെ

യുഎഇയില്‍ ഒരാളുടെ മരണത്തിന് കാരണമായ റോഡ് അപകടത്തിന് ശേഷം സ്ഥലത്തു നിന്ന് മുങ്ങിയ ട്രക്ക് ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ഒരു അറബ് പൗരന്‍ അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ച സംഭവത്തില്‍ ഏഷ്യക്കാരനായ പ്രവാസിയാണ് നാല് മണിക്കൂറിനകം മറ്റൊരു എമിറേറ്റില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്.

 

ശനിയാഴ്ച പുലര്‍ച്ചെ 3.55ന് ആയിരുന്നു സംഭവം. ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടാണ് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്റിന് ലഭിച്ചത്. ട്രക്ക് ഡ്രൈവര്‍ വാഹനവുമായി സ്ഥലത്തു നിന്ന് മുങ്ങിയതായും വിവരം ലഭിച്ചു. പൊലീസ് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്‍ത ശേഷം അറബ് പൗരന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഈ സമയം അശ്രദ്ധമായി വാഹനം ഓടിച്ചുവന്ന ട്രക്ക് ഡ്രൈവര്‍ പാര്‍ക്ക് ചെയ്ത് വാഹനത്തില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ആ വാഹനം മുന്നോട്ട് നീങ്ങി അറബ് പൗരനെ ഇടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരണപ്പെട്ടു. അപ്പോള്‍ തന്നെ വാഹനവുമെടുത്ത് ട്രക്ക് ഡ്രൈവര്‍ സ്ഥലംവിട്ടു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനൊപ്പം റാസല്‍ഖൈമ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കി. റോഡിലുടനീളം വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞു. ഷാര്‍ജയിലെ ഒരു സ്ഥലത്താണ് ആ സമയം ട്രക്ക് എത്തിച്ചേര്‍ന്നതെന്ന് മനസിലാക്കിയ റാസല്‍ഖൈമ പൊലീസ്, ഷാര്‍ജ പൊലീസ് ജനറല്‍ കമാന്റുമായി ബന്ധപ്പെട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!