പെരിന്തൽമണ്ണ സ്വദേശിയുടെ ഭാര്യയേയും മക്കളേയും സഹായിക്കാൻ പ്രവാസികൾ ഒത്തു ചേരുന്നു; “പിതാവ് ജീവിച്ചിരിക്കെ അനാഥരാകേണ്ടി വന്ന ഏഴുമക്കൾക്ക് വേണ്ടി “
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പാണമ്പി അബ്ദുൽ മജീദ് സൌദിയില ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മുങ്ങുമ്പോൾ ഭാര്യ മുഅ്മിനയുടെ ഉദരത്തിൽ ഏഴാമത്തെ കുഞ്ഞിന് ജീവൻ തുടിക്കുന്നുണ്ടായിരുന്നു. 14 വർഷം മുമ്പ് ഒരു ദിവസം ഭാര്യയോടും മക്കളോടും ഒരുവാക്ക് പോലും പറയാതെ നാട്ടിലേക്ക് മുങ്ങിയ അബ്ദുൽ മജീദിനെ നിരവധി സാമുഹിക പ്രവർത്തകർ ബന്ധപ്പെട്ടു നോക്കിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ല.
സോമാലിയക്കാരി മുഅ്മിനയും ഏഴ് മക്കളും താമസ രേഖയോ താമസിക്കാൻ ഇടമോ ഇല്ലാതെ ജിദ്ദയിൽ അലയുകയാണ്. ജിദ്ദയിൽ പ്രവാസിയായിരിക്കുന്ന കാലത്ത് അബ്ദുൽ മജീദ് മുഅ്മിനയെ വിവാഹം കഴിക്കുകയായിരുന്നു. അതിലുണ്ടായ ഏഴ് മക്കളാണ് ഇപ്പോൾ പിതാവ് ജീവിച്ചിരിക്കെ അനാഥകളായി കഴിയുന്നത്.
സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽനിന്ന് മാതാ പിതാക്കൾക്കൊപ്പം വളരെ ചെറുപ്പത്തിലാണ് മുഅ്മിന ജിദ്ദയിലെത്തുന്നത്. ജിദ്ദയിൽ കഴിയുന്നതിനിടെ ഒരു കടയിൽ നിന്നാണ് പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുൽ മജീദ് മുഅ്മിനയെ കാണുന്നത്. സ്ഥിരമായുള്ള കാഴ്ചകൾ പിന്നീട് എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. പ്രണയും വിവാഹത്തിലെത്തി. ആ ബന്ധത്തിലൂടെ പിറന്നതാണ് ഏഴ് മക്കൾ.
ഏഴാമത്തെ മകൾ ഹാജറയെ ഗർഭം ധരിച്ച സമയത്തായിരുന്നു അബ്ദുൽ മജീദ് നാട്ടിലേക്ക് റീ എൻട്രിയിൽ പോയത്. പിന്നീട് തിരികെ എത്തിയിട്ടില്ല. മജീദ് നാട്ടിലെത്തിയ ശേഷമായിരുന്നു മുഅ്മിനയും മക്കളും വിവരമറിഞ്ഞത്. അന്ന് മുതൽ ഇന്ന് വരെ മജീദ് തിരിച്ച് വരുമെന്ന പ്രതീക്ഷിയിലാണ് അവർ കഴിയുന്നത്. ഹയാത്ത്, ഫൈസൽ, ഫവാസ്, ഹനാൻ, ഫഹദ്, ഹൈഫ എന്നിവരാണ് മുഅ്മിനയുടെയും അബ്ദുൽ മജീദിന്റെയും മറ്റു മക്കൾ.
ഉപ്പയുടെ സുരക്ഷിതത്വം ഇല്ലാത്തതിന്റെ മാത്രമല്ല, ഔദ്യോഗിക രേഖകളൊന്നും കൈവശമില്ലാത്തതിന്റെ ആശങ്കയും ഈ കുട്ടികളെ അലട്ടുന്നുണ്ട്. ജനന സർട്ടിഫിക്കറ്റുകൾ പോലും ഇവർക്ക് ഇത് വരെ തയ്യാറാക്കാൻ അബ്ദുൽ മജീദ് ജിദ്ദയിൽ ഉണ്ടായിരുന്നപ്പോൾ ശ്രമിച്ചില്ല. അതിനാൽ ഇപ്പോൾ ഇഖാമ അടക്കമുള്ള ഒരു രേഖയും ഇവർക്കില്ല. രേഖകളില്ലാത്തതിനാൽ നിയമ നടപടികൾ ഏത് നിമിഷവും നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് കഴിയുന്നത്.
ജിദ്ദയിലെ പ്രമുഖ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു മജീദ്. മജീദ് നാട്ടിലേക്ക് പോയ ആദ്യ കാലത്തൊക്കെ മുഅ്മിനക്കും മക്കൾക്കും ചെലവിനുള്ള പണം എത്തിച്ച് കൊടുക്കാറുണ്ടായിരുന്നു. പിന്നെ പിന്നെ അതും നിലച്ചു. ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുജീബ് കുണ്ടൂരും സഹപ്രവർത്തകരും ഇടപെട്ടതിനെ തുടർന്ന് കുറച്ചു പണം കൂടി അയച്ചെങ്കിലും പിന്നീട് അതും നിലച്ചു.
തുടർന്ന് മുജീബ് കുണ്ടൂരും സഹ പ്രവർത്തകരും ജിദ്ദയിലെ മാധ്യമ പ്രവർത്തകൻ വഹീദ് സമാൻ്റ സഹായത്തോടെ ഈ സംഭവം വാർത്തയാക്കി. ഇതോടെയാണ് ഒരു മലയാളി ചെയ്ത ക്രൂരത പുറം ലോകം അറിയുന്നത്. അതിന് ശേഷം മുഅ്മിനയുടേയും മക്കളുടേയും കാര്യത്തിൽ ആവശ്യമായത് ചെയ്യാമെന്ന തീരുമാനം അബ്ദുൽ മജീദ് അറിയിച്ചിരുന്നുവെങ്കിലും ഇത് വരെ കാര്യമായൊന്നും നടന്നില്ലെന്നാണ് അറിവ്.
ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കുന്നതിനായി നാളെ (വ്യാഴാഴ്ച) ജിദ്ദയിൽ പ്രവാസികൾ ഒത്തു ചേർന്ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. പിതാവ് ജീവിച്ചിരിക്കെ അനാഥരാകേണ്ടി വന്ന ഏഴുമക്കൾക്ക് വേണ്ടി എന്നാണ് പരിപാടിയുടെ തലക്കെട്ട്. ആ കുടുംബത്തിന് ജീവിച്ചുപോകാൻ ആവശ്യമായ സഹായങ്ങൾക്ക് വേണ്ടിയുള്ള ഒത്തുചേരലാണിതെന്ന് വഹീദ് സമാൻ ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ് ബുക്കിൻ്റെ പൂർണരൂപം വായിക്കാം..
Pingback: മലയാളി ഉപേക്ഷിച്ച് പോയ സോമാലിയൻ സ്വദേശിനിയെയും 7 മക്കളെയും സംരക്ഷിക്കാൻ ജിദ്ദയിൽ മലയാളികൾ ഒത