ഗൾഫിലെ തരിശുഭൂമി പച്ചപ്പാക്കാൻ ക്ഷണിച്ച് അറബികൾ; അറബികളുടെ പെൻഷൻ ലഭിക്കുന്ന കുഞ്ഞഹമ്മദ് എന്ന കർഷകൻ

കുഞ്ഞഹമ്മദ് ഗൾഫിൽ പോയി നാട്ടിലേക്കു തിരിച്ചെത്തുന്നതിനു മുൻപേ മണലാരണ്യത്തിൽ ഒരു തോട്ടം പച്ചപിടിച്ചിട്ടുണ്ടാകും. കാരണം, മലപ്പുറം വളയംകുളം പള്ളിക്കുന്ന് കെ.പി.കുഞ്ഞഹമ്മദിന്റെ ഗൾഫിലേക്കുള്ള ഓരോ യാത്രയും തരിശുഭൂമിയിൽ തോട്ടങ്ങൾ വിളയിച്ചെടുക്കാനുള്ളതാണ്.

70 വയസ്സായ കുഞ്ഞഹമ്മദ് ഇടയ്ക്കിടെ അറബികളുടെ ക്ഷണം സ്വീകരിച്ച് യുഎഇയിലേക്കു വിമാനം കയറും. വാഹനവും താമസസൗകര്യവുമൊക്കെ ഒരുക്കി അറബികൾ കുഞ്ഞഹമ്മദിന് ആതിഥ്യമരുളും. ഈന്തപ്പനക്കൃഷിയും പരിചരണവുമാണു പ്രധാന ലക്ഷ്യം. കൂടെ ഒരു വീടിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന ‘ഭക്ഷ്യവനം’ (ഫുഡ് ഫോറസ്റ്റ്) ഒരുക്കുകയാണ് കുഞ്ഞഹമ്മദിന്റെ ഓരോ യാത്രയും.

ഒന്നോ രണ്ടോ മാസം അവിടെ കഴിഞ്ഞ് കുഞ്ഞഹമ്മദ് നാട്ടിലേക്കു തിരിക്കും. അപ്പോഴേക്കും അറബ്നാട്ടിലെ പുതിയ തോട്ടത്തിൽ നാമ്പുകൾ മുളച്ചിട്ടുണ്ടാകും. ഈന്തപ്പന, പലതരം പച്ചക്കറികൾ, ചോളം, കക്കിരി (കുക്കുംബർ) , ഇലക്കറികൾ തുടങ്ങിയവയെല്ലാമാണ് വളർത്തുക.

40 വർഷം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കൃഷിക്കാരനും കൃഷി മേൽനോട്ടക്കാരനുമായിരുന്നു കുഞ്ഞഹമ്മദ്. പെൻഷൻ പ്രായമായപ്പോഴാണ് എല്ലാം മതിയാക്കി നാട്ടിലേക്കു തിരിച്ചത്. ഇപ്പോഴും അറബികളുടെ പെൻഷൻ ലഭിക്കുന്ന അപൂർവം കർഷകരിൽ ഒരാളാണു കുഞ്ഞഹമ്മദ്.

മണ്ണിന്റെ സ്വഭാവവും കൃഷിയുടെ സമയവും പരിപാലനരീതികളും എല്ലാം അറിയുന്ന കൃഷി വിദഗ്ധനായ കുഞ്ഞഹമ്മദിനെ വിടാൻ അറബികളുടെ മനസ്സു സമ്മതിക്കാത്തതിനാലാണ് എല്ലാ ചെലവും നൽകി ഇടയ്ക്കിടെ യുഎഇയിലേക്കു വിളിക്കുന്നത്. അവിടെ എത്തിയാൽ പുതിയ സ്ഥലത്ത് കൃഷി ചെയ്യാനുള്ള എല്ലാ നിർദേശങ്ങളും കുഞ്ഞഹമ്മദ് നൽകും.

നാട്ടിൽ തിരിച്ചെത്തിയിട്ടും കുഞ്ഞഹമ്മദിന് വിശ്രമമില്ല, നാട്ടിൽ സ്വന്തം കൃഷിയിടത്തിൽ കൃഷി ചെയ്യുന്നുണ്ട്.

ഹരം കയറി കൃഷിക്കാരനായി

കർഷകരായ ഉപ്പ ആലി അഹമ്മദും ഉമ്മ ബീപ്പാത്തുവുമാണ് കുഞ്ഞഹമ്മദിന്റെ കൃഷി ഗുരുക്കന്മാർ. കുട്ടിക്കാലം മുതൽ ഉപ്പയുടെയും ഉമ്മയുടെയും കൂടെ പാടത്തും പറമ്പിലും കൃഷിയിൽ സഹായിയായി ഒപ്പം കൂടി.

നിലം ഉഴുതു മറിക്കൽ ഹരമായി കണ്ട കുഞ്ഞഹമ്മദ് ചെറിയ പ്രായത്തിൽത്തന്നെ ട്രാക്ടർ ഓടിക്കാൻ പഠിച്ചതോടെ നിലമുഴുന്നതും വിത്തിടുന്നതും കുഞ്ഞഹമ്മദിന്റെ ഉത്തരവാദിത്തമായി. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കൂലിക്കായിരുന്നു അന്ന് കുടുംബം കൃഷി ചെയ്തിരുന്നത്. നെല്ലും വാഴയും കമുകും പച്ചക്കറികളുമായിരുന്നു കൃഷി. മണ്ണിന്റെ സ്വഭാവവും ഓരോ കൃഷിയുടെയും സമയവും പരിപാലനവും അങ്ങനെ കുഞ്ഞഹമ്മദ് പഠിച്ചു മനസ്സിലാക്കി. നാട്ടിൽ കൃഷി ചെയ്തു ജീവിതം തള്ളി നീക്കുന്നതിനിടെയാണ് യുഎഇയിലേക്കു വീസ ലഭിച്ചത്. 1978ൽ കുഞ്ഞഹമ്മദ് റാസൽഖൈമയിലേക്കു വിമാനം കയറി.

തരിശുഭൂമിയിൽ കൃഷി വിപ്ലവം

വിവാഹം കഴിച്ച് കുടുംബമായതോടെ പ്രാരബ്ധം കുഞ്ഞഹമ്മദിനെ തളർത്തി. അങ്ങനെ, 25–ാമത്തെ വയസ്സിൽ കർഷകന്റെ വീസയിൽതന്നെ റാസൽഖൈമയിൽ എത്തി. അബുദാബി നിവാസിയായ ഫറാജ് മുഹമ്മദ് ഫറാജിന്റെ ഉടമസ്ഥതയിലുള്ള ഫറാജ് മുഹമ്മദ് ഫറാജ് ആൻഡ് സൺസ് എന്ന കമ്പനിയുടെ റസൽഖൈമയിലെ തോട്ടത്തിൽ ഈന്തപ്പനകളുടെ പരിപാലനമായിരുന്നു ജോലി.

ഈ ജോലിക്കിടെയാണ് കുഞ്ഞഹമ്മദിന്റെ പാരമ്പര്യ കർഷകമനസ്സ് ഉണർന്നത്. കിട്ടിയ സ്ഥലത്ത് കുഞ്ഞഹമ്മദ് തന്നെ വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യാൻ തുടങ്ങി. മണലാരണ്യത്തിലെ ഫിൽറ്റർ ചെയ്ത മണ്ണ് ഉപയോഗിച്ചാണ് പച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചത്. വെള്ളത്തിനു കുഴൽക്കിണർ കുഴിച്ചു. ഡീസൽ എൻജിൻ ഉപയോഗിച്ച് മോട്ടർ ചലിപ്പിച്ച് ചാൽ കീറി വെള്ളമെത്തിച്ചു. ചാലുകളിലൂടെ കൃഷിയിടത്തിലെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളമെത്തി.

വൈദ്യുതി എത്തിയതോടെ മോട്ടർ ഉപയോഗിച്ചുതന്നെ പമ്പിങ് തുടങ്ങി. ഇതിനു വേണ്ട പൈപ്‌ലൈൻ നിർമിച്ചതും കുഞ്ഞഹമ്മദാണ്. ഉപ്പുരസമുള്ള വെള്ളം ശുദ്ധീകരിച്ചാണ് കൃഷിക്ക് ഉപയോഗിച്ചത്. കുഞ്ഞഹമ്മദിന്റെ കൃഷിരീതി അറബ്നാട്ടിലെ തരിശുഭൂമിയിൽ വിജയം കൊയ്തു. കമ്പനി കൂടുതൽ സ്ഥലങ്ങളിൽ പച്ചക്കറിക്കൃഷി ചെയ്യാൻ കുഞ്ഞഹമ്മദിനെ നിയോഗിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കമ്പനിക്കു കീഴിലുള്ള സ്ഥലങ്ങളിലെല്ലാം കുഞ്ഞഹമ്മദ് ഇതേരീതിയിൽ കൃഷിയിൽ വിപ്ലവം തീർത്തു. അബുദാബിയിൽ 5, റാസൽഖൈമയിൽ 3, ഷാർജ, അൽഐൻ എന്നിവിടങ്ങളിൽ 2 വീതം, ഉമ്മുൽഖുവൈൻ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ തോട്ടം വീതവും കുഞ്ഞഹമ്മദ് ഒരുക്കി പരിപാലിച്ചു.

ആരും തിരിഞ്ഞുനോക്കാതെ തരിശായിക്കിടന്ന ഒട്ടേറെ സ്ഥലങ്ങൾ അങ്ങനെ കുഞ്ഞഹമ്മദ് ഹരിതാഭമാക്കി. അവിടെ ഈന്തപ്പനയ്ക്കു പുറമേ പച്ചക്കറികളും പഴങ്ങളും തെങ്ങും തഴച്ചു വളർന്നു.

അറബ്നാട്ടിൽനിന്ന് പെൻഷൻ

40 വർഷം കമ്പനിക്കുവേണ്ടി കൃഷി മേൽനോട്ടക്കാരനായി ജോലി ചെയ്ത കുഞ്ഞഹമ്മദ് നാട്ടിലേക്കു മടങ്ങുന്നത് അറബികൾക്കു സഹിക്കാനാവുമായിരുന്നില്ല. കമ്പനി അദ്ദേഹത്തെ മനസ്സില്ലാമനസോടെയാണ് യാത്രയാക്കിയത്. എപ്പോൾ ക്ഷണിച്ചാലും അതിഥിയായി എത്തണമെന്ന അറബികളുടെ സ്‌നേഹപൂർവമായ അഭ്യർഥന അദ്ദേഹം സ്വീകരിച്ചു. 40 വർഷത്തെ സേവനം മുൻനിർത്തി കുഞ്ഞഹമ്മദിന് പെൻഷൻ നൽകാൻ കമ്പനി തീരുമാനിച്ചു.

കുഞ്ഞഹമ്മദിന്റെ കൃഷി നൈപുണ്യം കേട്ടറിഞ്ഞ് ‌‌ഒട്ടേറെ അറബികളാണ് അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. അറബികളോടുള്ള സ്നേഹം തിരിച്ചു നൽകാൻ ഇതിനിടെ അഞ്ചു തവണ വിവിധ എമിറേറ്റുകളിലേക്ക് കുഞ്ഞഹമ്മദ് കൃഷി ചെയ്യാനായി വീണ്ടും വിമാനം കയറി.ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൈമുതലാക്കിയാണ് മരുഭൂമിയെ കുഞ്ഞഹമ്മദ് കീഴടക്കിയത്.

ഓർമയ്ക്കായി അറബ് പഴങ്ങൾ

അറബ്നാട്ടിലെ കൃഷിയുടെ ഓർമയ്ക്കായി അവിടത്തെ മൾബറിയും റോസ് ആപ്പിളും നാട്ടിൽ കൃഷി ചെയ്യുന്നുണ്ട് കുഞ്ഞഹമ്മദ്. ഇവ പച്ചപിടിച്ചെങ്കിലും ഈന്തപ്പന വിചാരിച്ചപോലെ വളർന്നില്ല. കാലാവസ്ഥ ശരിയാകാത്തതിനാൽ ഉണങ്ങി. നല്ല ചൂടുള്ള കാലാവസ്ഥയിലാണ് ഈന്തപ്പന വളരുന്നത്. കൃഷിയിൽ ഭാര്യ ഫാത്തിമയാണ് കുഞ്ഞഹമ്മദിന്റെ സഹായി. അഞ്ചു മക്കളിൽ 3 പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. ആൺമക്കളിൽ മൂത്തയാൾ ഷിഹാബ് ബെംഗളൂരുവിൽ ഫുഡ് ഫോറസ്റ്റ് ഡിസൈനറായി ജോലി ചെയ്യുകയാണ്. ഇളയ മകൻ ഷരീഫ് ബെംഗളൂരുവിൽ എൻജിനീയറാണ്.

Courtesy: Manorama

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!