റഫറി ‘നിഷേധിച്ച’ ഗോളിന് ഇരട്ടഗോളുമായി ഇക്വഡോർ നായകന്റെ തിരിച്ചടി; ആദ്യ പകുതിയില്‍ തിളങ്ങി എന്നെര്‍ വലന്‍സിയ; എക്വഡോര്‍ മുന്നില്‍

നിറപ്പകിട്ടാർന്ന ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ വിറപ്പിക്കുന്ന പ്രകടനവുമായി ഇക്വഡോർ. മത്സരത്തിന്റെ ആദ്യപകുതി പൂർത്തിയാകുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലാണ് ഇക്വഡോർ. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എന്നർ വലൻസിയയാണ് ഇക്വഡോറിനായി ലക്ഷ്യം കണ്ടത്. അഞ്ചാം മിനിറ്റിൽ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകൻ ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കുമായിരുന്നു.

ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ ലീഡു നേടിയത്. ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഗോളിനരികിൽ എത്തിയ നീക്കം മാത്രമുണ്ട് ആദ്യ പകുതിയിൽ ഖത്തറിന് ഓർമിക്കാൻ. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ലഭിച്ച അവസരം മുതലാക്കാൻ അൽമോയസ് അലിക്ക് കഴിയാതെ പോയത് ഖത്തറിന് നിരാശയായി.

 

ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്ത്തി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

തുടർന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31–ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 2–0.

നേരത്തെ, അഞ്ചാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ വലൻസിയ തന്നെ ഇക്വഡോറിനായി ലക്ഷ്യം കണ്ടതാണ്. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ വീണ ഗോൾ ഇക്വഡോർ താരങ്ങൾ വൻതോതിൽ ആഘോഷിച്ചെങ്കിലും, പിന്നാലെ വിവാദത്തിന്റെ അകമ്പടിയോടെ റഫറിയുടെ തീരുമാനമെത്തി; ഓഫ്സൈഡ് ചൂണ്ടിക്കാട്ടി ഇക്വഡോറിന് ഗോളില്ല!

ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ലാറ്റിനമേരിക്കയിലെ കടുത്ത മത്സരം കടന്നാണ് ഇക്വഡോർ വരുന്നതെങ്കിൽ ആതിഥേയരായതിനാൽ നേരിട്ടായിരുന്നു ഖത്തറിനു യോഗ്യത. എന്നാൽ, കോപ്പ അമേരിക്കയിലും കോൺകകാഫ് ഗോൾഡ് കപ്പിലും അതിഥികളായി പങ്കെടുത്ത അവർ ഏഷ്യൻ കപ്പ് ജേതാക്കളാവുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!