ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം; തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥന്‍-വീഡിയോ

തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു തീവണ്ടിയില്‍ കയറുമ്പോഴാണ് അപകടം. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള തീവണ്ടിയിലേക്ക് പതിനേഴുകാരി ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ ഇ. സതീശന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി.

 

കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ കാഞ്ഞിപ്പുറത്ത് ശ്രീധരന്‍ നായരുടെയും പത്മിനിയുടെയും മകനാണ് സതീശന്‍. കഴിഞ്ഞ നാലു വര്‍ഷമായി തിരൂര്‍ ആര്‍.പി.എഫ് ഔട്ട് പോസ്റ്റില്‍ ജോലി ചെയ്തുവരുകയാണ്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട സതീശന് ആര്‍.പി.എഫ്. ഐ.ജി. ഈശ്വര്‍ റാവു റിവാര്‍ഡ് നല്‍കി ആദരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വീഡിയോ കാണാം..

 

Share
error: Content is protected !!