പ്രവാസികളെ അടിച്ചുവീഴ്ത്തി പണം കൊള്ളയടിക്കുന്ന സംഘം പിടിയിൽ
ബഹ്റൈനില്‍ നിരവധി പ്രവാസികളെ അടിച്ചുവീഴ്ത്തി പണം കൊള്ളയടിച്ച നാലംഗ സംഘം അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘാംഗങ്ങളെല്ലാം 18നും 39നും ഇടയില്‍ പ്രായമുള്ളവരാണ്. തട്ടിപ്പുകാര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നിരവധി പ്രവാസികളില്‍ നിന്ന് ഇവര്‍ പണവും മറ്റ് സാധനങ്ങളും കൊള്ളയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആളുകളെ അടിച്ചുവീഴ്‍ത്തിയ ശേഷം അവരുടെ കൈവശമുള്ള പണവും പഴ്‍സും ബാങ്ക് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ഉടനീളം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു ആദ്യ നടപടി. പിന്നീട് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക