ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവേ കോടതിയിൽ വിവിധ വാദങ്ങളുയർത്തി പ്രതിഭാഗം രംഗത്ത് വന്നിരുന്നു.

ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലെന്നും മരണത്തിനിടയാക്കിയ വിഷം ഷാരോൺ കൊണ്ടുവരാൻ സാധ്യതയില്ലേയെന്നും പ്രതി ഭാഗം ചോദിച്ചു. കേസിൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഷാരോൺ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നും കുറ്റപ്പെടുത്തി.

ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകരുതെന്നും ഇല്ലാത്ത തെളിവുണ്ടാക്കുമെന്നും പ്രതിഭാഗം വാദിച്ചു. ഷാരോണിന്റെ മരണ മൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയെ ക്രിമിനലാക്കുന്ന പെരുമാറ്റം ഷാരോണിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

അതേസമയം കേസിൽ കേരളാ പൊലീസ് വീണ്ടും നിയമോപദേശം തേടും. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി നിയമോപദേശം തേടുന്നത്. കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു. കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് തമിഴ്നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പോലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

അതേസമയം, കേസിലെ രണ്ടും മൂന്നൂം പ്രതികളായ സിന്ധു, നിർമൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായ ഇരുവരെയും നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പുൾപ്പെടെ പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദേശം നൽകി. മുഖ്യപ്രതി ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കാനും കോടതി ആവശ്യപ്പട്ടിരുന്നു.

കേസിലെ മുഖ്യപ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പൊലീസ് സ്റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്തതോടെ പ്രതിയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!