രണ്ട് പ്രവാസി തൊഴിലാളികളെ കടലില്‍ കാണാതായിട്ട് ഒമ്പത് ദിവസം; നാട്ടിലുള്ള കുടുംബം ആശങ്കയില്‍
ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം. കടലില്‍ മീന്‍പിടിക്കാൻ പോയ ഇവരെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാരായ സഹായ സെല്‍സോ (37), ആന്റണി വിന്‍സന്റ് ജോര്‍ജ് (33) എന്നിവരെയാണ് കാണാതായത്. തൊഴിലാളികളെ കാണാതായതായി ഇവരുടെ തൊഴിലുടമ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഒക്ടോബർ 17നാണ് ഇവര്‍ കടലില്‍ പോയത്. എന്നാല്‍ പിന്നീട് തിരികെ വന്നിട്ടില്ല. തുടര്‍ന്ന് ഇവരുടെ തൊഴിലുടമയും ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമസ്ഥനുമായ ബഹ്‌റൈന്‍ സ്വദേശി താരിഖ് അല്‍മാജിദ് തീരസംരക്ഷണസേനയെ വിവരം അറിയിക്കുകയായിരുന്നു. പ്രവാസി മത്സ്യത്തൊഴിലാളികളുടെ ഇന്ത്യയിലെ കുടുംബവും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടു. 15 വര്‍ഷത്തിലേറെയായി ഇവര്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും സഹോദരങ്ങളെപ്പോലെയാണ് തനിക്ക് അവരെന്നും തൊഴിലുടമ പറഞ്ഞു.
കാണാതായവരുടെ കുടുംബങ്ങളോട് എന്ത് മറുപടി പറയണമെന്ന് അറിയില്ലെന്നും ഇവരെ കണ്ടെത്തുന്നതിനായി അധികൃതരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയാണ് തൊഴിലാളികളെ കാണാതായ വിവരം തൊഴിലുടമയായ അല്‍മാജിദ് കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്.
സാധാരണ രീതിയില്‍ കടലില്‍ പോയാല്‍ രണ്ടു ദിവസം കൊണ്ട് തിരികെ വരുന്നവരെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്. ഖത്തറില്‍ റഡാര്‍ സംവിധാനത്തില്‍ ഒരു ബഹ്‌റൈനി ബോട്ട് കണ്ടതായി ഇവിടുത്തെ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചതായി ശനിയാഴ്ച ബഹ്‌റൈന്‍ കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ചില ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ ബഹ്‌റൈനി ബോട്ട് ഇറാന്‍ അതിര്‍ത്തിയില്‍ കണ്ടതായും പറഞ്ഞെന്ന് അല്‍മാജിദ് വ്യക്തമാക്കി. എന്നാല്‍ പ്രവാസി തൊഴിലാളികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
അതേസമയം ഇന്ത്യയിലെ സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്ഡ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഫാദര്‍ ജോണ്‍ ചര്‍ച്ചില്‍, അടിയന്തര നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്. കുടുംബത്തിന്‍റെ ഏക വരുമാന സ്രോതസ്സാണ് ഇവര്‍. ഒമ്പതും നാലും വയസ്സുള്ള രണ്ട് കുട്ടികളാണ് സഹായയ്ക്ക് ഉള്ളത്. നാലു വയസ്സുള്ള കുട്ടിയും 18 മാസം പ്രായമുള്ള കുഞ്ഞുമാണ് ആന്ററണിക്കുള്ളതെന്ന് സഹായയുടെ ബന്ധു വെളിപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ കഡിയപട്ടണം സ്വദേശികളാണ് കാണാതായ മത്സ്യത്തൊഴിലാളികള്‍.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക