2022 അവസാനിക്കുന്നതിന് മുമ്പ് 11 പുതിയ സൗദിവൽക്കരണ പദ്ധതികൾ നടപ്പിലാക്കും – മന്ത്രാലയം

ഈ വർഷം (2022) അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ 11 സൗദിവൽക്കരണ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ മന്ത്രാലയം ലക്ഷ്യമിടുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ-റാജ്ഹി വ്യക്തമാക്കി. പ്രോജക്ട് മാനേജ്മെൻ്റ്, പ്രൊക്യൂർമെൻ്റ്, ഫുഡ് ആൻ്റ് ഡ്രഗ് പ്രൊഫഷനുകൾ സൗദിവൽക്കരിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളാണ് മന്ത്രാലയം കൈകൊള്ളുക.

ഞായറാഴ്‌ച റിയാദിലെ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിൽ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് അൽ രാജ്ഹി ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ മേഖലകളിലും തസ്തികകളിലും നടപ്പിലാക്കിയ സ്വദേശിവൽക്കരണ പദ്ധതികളിലൂടെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വേദിശികളുടെ എണ്ണം വർധിക്കാൻ കാരണമായെന്ന് അൽ-റാജ്ഹി വിശദീകരിച്ചു. ഇത് മൂലം സ്വകാര്യമേഖലയിൽ 2.13 ദശലക്ഷത്തിലധികം സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ജോലിയിൽ പ്രവേശിച്ചു. ഇത് വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 9.7% ആയി കുറയുകയും ചെയ്തു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 35.6% ആണ്.

തൊഴിൽ വ്യവസ്ഥയും അതിന്റെ ചട്ടങ്ങളും കൃത്യമായി പാലിക്കുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ നിരക്ക് ഈ വർഷം 98 ശതമാനത്തിലെത്തി. കൂടാതെ 74 ശതമാനത്തിലധികം തൊഴിൽ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചെന്നും അൽ രാജ്ഹി ചൂണ്ടിക്കാട്ടി. ഇത് വേതന സംരക്ഷണ പദ്ധതി പാലിക്കുന്ന സ്ഥാപനങ്ങളുടെ നിരക്ക് 80 ശതമാനത്തിലെത്തിയതായി സൂചിപ്പിക്കുന്നു. തൗതീഖ് പ്രോഗ്രാമിൽ 3.8 ദശലക്ഷത്തിലധികം തൊഴിൽ കരാറുകളും ഇലക്ട്രോണിക് ഡിജിറ്റൈസേഷനും പൂർത്തിയായി.

 

 

3 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്കും ഒരു ദശലക്ഷത്തിലധികം കമ്പനികൾക്കും സേവനം നൽകുന്ന ക്വിവ പ്ലാറ്റ്‌ഫോമിലെ സേവനങ്ങളുടെ എണ്ണം 127 ൽ എത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

സർവീസ് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ഇത് ഗുണഭോക്താക്കൾക്ക് പ്രതിമാസം 700,000 സേവനങ്ങൾ നൽകുന്നു. രണ്ട് ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകുന്ന മുസാനെദ് പ്ലാറ്റ്‌ഫോമിൻ്റെ സേവനങ്ങൾ ഒന്നിൽ നിന്ന് 35 ആയി ഉയർത്തി. 100% ഓട്ടോമേറ്റഡ് സേവനങ്ങളിലേക്ക് മന്ത്രാലയത്തിൻ്റെ സേവനങ്ങൾ വിപുലീകരിച്ചതായും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ-റാജ്ഹി വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!