തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഇൻഷൂറൻസ് പരിരക്ഷ; പദ്ധതി ആരംഭിച്ചു
യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷ്വറൻസ് പദ്ധതി പ്രാബല്യത്തിലായി. ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണിത്.
ജോലി നഷ്ടമായാലും മൂന്ന് മാസം വര ശമ്പളത്തിന്‍റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇത് പ്രാസിക്ക് ഒരു പുതിയ ജോലി കണ്ടെത്തുന്നതുവരെ അവരെ സംരക്ഷിക്കുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾ വഴി ഈ സേവനം ലഭ്യമാകും.
ജോലി നഷ്ടമായത് മുതൽ മൂന്ന് മാസം വരെ പരമാവധി 20,000 ദിർഹം വരെയായിരിക്കും പ്രതിമാസം ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഈ ആനുകൂല്യത്തിന് അഹർതയുണ്ട്. ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്കീമിലക്ക് അടക്കേണ്ടി വരും. മൂന്ന് മാസം വരെയാണ് ഇൻഷ്വറൻസ് തുക ലഭിക്കുന്നതെങ്കിലും അതിന് മുൻപ് പുതിയ ജോലി ലഭിച്ചാൽ പിന്നീട് തുക ലഭിക്കില്ല.
സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല. ഇൻഷ്വറൻസ് തുക അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷം മാത്രമേ ആനുകൂല്യങ്ങൾക്ക് യോഗ്യതയുണ്ടാവൂ.
യുഎഇയുടെ പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ സ്വകാര്യ, പൊതുമേഖലാ തൊഴിലാളികളും ഉൾപ്പെടുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ.അബ്ദുൽമന്നൻ അൽ അവാർ പറഞ്ഞു.
നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിയമം ജനുവരിയിൽ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക