ഹിന്ദി പരീക്ഷയില്‍ തോറ്റതിന് അധ്യാപകന് തല്ലിച്ചതച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദല്‍പൂരിലുള്ള ക്യാപ്റ്റന്‍ സാവരിയന് പബ്ലിക് സ്കൂളിലെ 12 വയസ്സുള്ള ആണ്‍കുട്ടിയാണ് അധ്യാപകന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്.
ഒക്ടോബര്‍ ഏഴിനാണ് ശോഭരന്‍ (42) എന്ന അധ്യാപകന് ഇവരുടെ ക്ലാസിലെ കുട്ടികള്‍ക്ക് ഹിന്ദി പരീക്ഷ നടത്തിയത്. പരീക്ഷയില്‍ തോറ്റ പത്തുകുട്ടികളെയും ഇയാള്‍ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചുവെന്നാണ് ആരോപണം.
‘മുറിവേറ്റ കുട്ടിയെ ദാദ്രിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അവിടെനിന്ന് ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്’- സെന്‍ട്രല്‍ നോയിഡ ഡി.സി.പി. റാം ബദന് സിങ് പറഞ്ഞു.
എന്നാല്‍ സംഭവത്തിനു മുമ്പ് തന്നെ കുട്ടി ക്ഷീണിതനായിരുന്നുവെന്നാണ് സ്കൂള്‍ മാനേജ്മെന്റ് പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ കുടുംബത്തോടൊപ്പം ശനിയാഴ്ച വൈകുന്നേരം വരെ ആശുപത്രിയിലുണ്ടായിരുന്ന ശോഭരന്‍ മരണവിവരമറിഞ്ഞതോടെ ഒളിവില്‍ പോകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ കുട്ടിയെ തല്ലിച്ചതച്ചുവെന്നാരോപിച്ച് ഞായറാഴ്ച് കുട്ടിയുടെ അമ്മ മീനാക്ഷി പോലീസിന് പരാതി നല്കി.
കുട്ടിയുടെ കുടുംബവും അധ്യാപകനും നോയിഡയിലെ ബംബാവര് ഗ്രാമവാസികളാണ്. ഒളിവില്‍ പോയ അധ്യാപകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി പോലീസിന്റെ നാല് പ്രത്യേകസംഘങ്ങളും രൂപവത്കരിച്ചു.
ആശുപത്രിയില്‍ നിന്ന് പോയ ശേഷം ഇയാള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. ഫോണ്‍ സ്വിച്ച് ഓഫാണെന്നെും പോലീസ് പറയുന്നു. അതിനിടെ, ശോഭരന്‍ ഇതിനു മുമ്പും കുട്ടികളെ ഉപദ്രവിച്ചിട്ടുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.