അതിർത്തി വഴി നാട് കടത്താൻ മലയാളി ഏജൻ്റുമാർ; പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

സൗദിയിൽ നിന്ന് അതിർത്തി വഴി അയൽ രാജ്യത്തേക്ക് നുഴഞ്ഞ് കയറി അവിടെ നിന്ന് നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരുടെ എണ്ണം വർധിച്ച് വരുന്നതായി റിപ്പോർട്ട്. പിടിയിലാകുന്നവരിൽ മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരുമുണ്ട്.

വിവിധ നിയമ പ്രശ്നങ്ങളിൽപ്പെട്ട് സൗദിയിൽ നിന്ന് നേരായ വഴിയിലൂടെ നാട്ടിലേക്ക് പോകാൻ കഴിയാത്തവരാണ് ഏജൻ്റുമാർ വഴി ഇത്തരം സാഹസത്തിന് മുതിരുന്നത്. സൗദിയിൽ നിന്ന് അതിർത്തി വഴി അയൽ രാജ്യമായ യെമനിലേക്ക് നുഴഞ്ഞ് കയറി, അവിടെ നിന്നും നാട്ടിലേക്ക് പോകുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇത് ഏറെ അപകടം പിടിച്ച മാർഗ്ഗമാണെന്ന് സാമുഹിക പ്രവർത്തകർ പറയുന്നു.

യമനുമായി അതിർത്തി പങ്കിടുന്ന ജീസാനിലെ ഫിഫ ദായിർ മലഞ്ചെരുവുകളിലൂടെ കിലോമീറ്ററുകളോളം കാൽനടയായാണ് പലരും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് യെമനിലേക്ക് കയറുന്നത്. അപൂർവ്വം ചിലർ ഈ രീതിയിൽ അതിർത്തി കടക്കുന്നുണ്ടെങ്കിലും, സുരക്ഷാ സേനയുടെ പിലിയിലാകുന്നവരാണ് ഏറെയും.

സ്പോൺസറുമായി പലരീതിയിൽ പ്രശ്നങ്ങളിൽ ഉൾപ്പെട്ടവർ, വാഹനാപകട കേസിൽ കുടുങ്ങിയവർ, സാമ്പത്തിക കേസുകളിൽ പെട്ടവർ, ഹുറൂബ് കേസിൽപെട്ടവർ, സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്ത് നിയമലംഘകരായി മാറിയവർ തുടങ്ങി പലവിധ കാരണങ്ങളാൽ സൌദിയിൽ നിയമലംഘകരായവരാണ് ഇത്തരം സാഹസിക മാർഗ്ഗം സ്വീകരിക്കുന്നത്. ഇവരെ അതിർത്തി വഴി കടത്താനായി മലയാളികളുൾപ്പെടെയുള്ള പ്രത്യേക ഏജൻ്റുമാർ സൌദിയിലെ മിക്ക നഗരങ്ങളിലും പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.

ഇടനിലക്കാരുടെ പ്രേരണയിൽ വീണ് വൻ തുക മുടക്കി പലരും അതിർത്തിയിലെത്തുമെങ്കിലും, പലരും പിടിക്കപ്പെടുകയാണ് പതിവ്. ജിസാനിലെ അതിർത്തിയിൽനിന്ന് ദായിർ വഴി 10 മുതൽ 15 കി.മീ വരെ മലയിടുക്കുകളിലൂടെ നടന്നാണ് പലരും ഇത്തരം സാഹസങ്ങൾ ചെയ്യുന്നതും പിടിക്കപ്പെടുന്നതും. ഈ മേഖല സുരക്ഷസേനയുടെയും മറ്റും നിരീക്ഷണത്തിലുള്ള പ്രദേശമാണ്. ഇവിടെ പ്രവേശിക്കുന്നവരെ സ്വദേശി, വിദേശി വ്യത്യാസം ഇല്ലാതെ കസ്റ്റഡിയിലെടുക്കും.

സേനയുടെ ശാസന അനുസരിക്കാതിരിക്കുകയോ, രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവെക്കും. കൂടാതെ അതിർത്തി വിട്ടുകടക്കാൻ ശ്രമിക്കുന്നതോടു കൂടി, ഓട്ടോമാറ്റിക് സിസ്റ്റം വഴിയുള്ള ആക്രമണവും ഉണ്ടാകും.

ജീസാനിലെ സാമൂഹിക പ്രവർത്തകൻ ഷംസു പൂക്കോട്ടൂർ കഴിഞ്ഞദിവസം അതിർത്തി സുരക്ഷസേനയുടെ ജയിൽ സന്ദർശിച്ചൾ ഇത്തരത്തിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി അധികൃതർ അറിയിച്ചു.

ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഏജന്റുമാരുടെ വലയിൽ വീഴുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വ്യഗ്രതയിൽ മരണത്തിന്റെ മുന്നിലേക്കാണ് ഇവർ ചെന്നുചാടുന്നതെന്ന് സാമൂഹികപ്രവർത്തകർ ഓർമപ്പെടുത്തുന്നു.

സുരക്ഷസേനയുടെ കസ്റ്റഡിയിലായാൽ നാലുമാസം വരെ തടവ് ലഭിക്കും. ശേഷം വിരലടയാളം പരിശോധിച്ച് നിലവിൽ കേസ് ഉള്ളതാണെന്ന് കണ്ടെത്തിയാൽ അതത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജയിലിലേക്ക് തുടർ നടപടിക്ക് വേണ്ടി മാറ്റും.

സാമുഹിക പ്രവർത്തകൻ ഷംസു പൂക്കോട്ടൂർ കഴിഞ്ഞ ദിവസം ജീസാൻ സുരക്ഷസേന മേധാവിയുടെ ഓഫിസിൽ നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തി രക്ഷാസേനയുടെ നിയമകാര്യ വിഭാഗം തലവൻ കേണൽ അബൂനാസിർ കുറ്റകൃത്യത്തെയും അതിന്റെ ഗുരുതര സ്വഭാവത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വിശദീകരിച്ചു. ഈ വിഷയത്തിൽ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ഇന്ത്യക്കാരുടെ ഇടയിൽ കൂടുതൽ ബോധവത്കരണം നടത്താൻ ശ്രമിക്കുമെന്ന് ഷംസു പൂക്കോട്ടൂർ ഉറപ്പ് നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!