മോഷണം പിടിക്കപ്പെട്ടു; പ്രവാസി വനിത രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി

കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി അറബ് പ്രവാസി വനിത. ഷാര്‍ജയിലാണ് സംഭവം. ഡിസ്‌കൗണ്ട് ഗിഫ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് 20ദിര്‍ഹം വില വരുന്ന ഹെഡ്‌ഫോണും സ്മാര്‍ട്ട് വാച്ചുമാണ് യുവതി മോഷ്ടിച്ചത്.

അല്‍ നഹ്ദയിലാണ് സംഭവം ഉണ്ടായത്. മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ച ശേഷം കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് യുവതി പിടിക്കപ്പെട്ടത്. മോഷ്ടിച്ച സാധനങ്ങളുമായി യുവതി പിടിയിലായതോടെ സൂപ്പര്‍വൈസര്‍ ഇവരെ ഓഫീസിലേക്ക് കൊണ്ടുപോയി. ഷാര്‍ജ പൊലീസില്‍ മോഷണ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം നിലയിലെ മുറിയില്‍ നിന്നും പുറത്തേക്കോടിയ സ്ത്രീ ബാല്‍ക്കണി വഴി താഴേക്ക് ചാടുകയായിരുന്നു.

കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വീപ്പയ്ക്ക് മുകളിലേക്കാണ് യുവതി ചെന്നു വീണത്. പൊലീസ് പട്രോള്‍ സംഘം ഉടന്‍ സ്ഥലത്തെത്തി. യുവതിയുടെ ശരീരത്തില്‍ ഒടിവുകളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഈ സ്ത്രീ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!