പിതാവിൻ്റെ തോക്ക് എടുത്ത് കളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ വെടിയേറ്റ് മരിച്ചു

ജോര്‍ദാനില്‍ പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ജോര്‍ദാനിലെ അമ്മാനിലാണ് സംഭവം. പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. തോക്കു കൊണ്ട് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് പൊതുസുരക്ഷാ വിഭാഗം വക്താവ് കേണല്‍ ആമര്‍ അല്‍ സര്‍താവി പറഞ്ഞു. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.

ജോര്‍ദാനിലെ നിയമം അനുസരിച്ച് വ്യക്തികള്‍ക്ക് സ്വയരക്ഷയ്ക്ക് തോക്ക് വീടുകളില്‍ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് വാങ്ങണം. കൈവശം വേക്കുന്ന ആളുടെ പേരിലായിരിക്കും തോക്ക് രജിസ്റ്റര്‍ ചെയ്യുക. ലൈസന്‍സില്ലാതെ തോക്ക് കൈവശം വെക്കുന്നത് ഏഴു വര്‍ഷം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!