ചാർജ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ചാർജ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ഫരീദ്പൂരിൽ സുനീൽ കുമാർ കശ്യപിൻ്റെയും കുസും കശ്യപിൻ്റെയും ഇളയമകൾ നേഹയാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ബറേലിയിൽ ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനടുത്ത് ചാർജ് ചെയ്തുകൊണ്ടിരുന്ന കീപാഡ് ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമക്കളെയും ഉറക്കി വ്യത്യസ്ത കയർ കട്ടിലുകളിൽ കിടത്തിയ കുസും കുഞ്ഞിന്‍റെ കട്ടിലിൽ ചാർജിലിട്ട ഫോൺവെച്ചിരുന്നു. ചാർജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയും കയർകട്ടിലിന് തീപ്പിടിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവ സമയം കുട്ടികളുടെ പിതാവ് സുനിൽ ജോലിക്ക് പോയതായിരുന്നു.
അപകടസമയത്ത് അമ്മ കുഞ്ഞിന് സമീപത്ത് ഉണ്ടായിരുന്നില്ല. അയൽവാസിയുമായി സംസാരിച്ച് കൊണ്ടിരിക്കെ കുട്ടികൾ ഉറങ്ങുന്ന മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദവും മൂത്ത മകൾ നന്ദിനിയുടെ നിലവിളിയും കേട്ടു. ഉടനെ കുട്ടികളുറങ്ങുന്ന മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ കാണുന്നത് കത്തിയമർന്ന കട്ടിലായിരുന്നുവെന്ന് അമ്മ കണ്ണീരോടെ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“മൊബൈൽ ഫോൺ എന്റെ മകൾക്ക് മാരകമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അല്ലെങ്കിൽ ഞാൻ അത് അവിടെ സൂക്ഷിക്കില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു.
ഫരീദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പച്ചോമി ഗ്രാമത്തിൽ താമസിക്കുന്ന കുട്ടിയുടെ പിതാവ് സുനീൽ കുമാർ കശ്യപ് (30) ഒരു കൂലിപ്പണിക്കാരനാണ്, വൈദ്യുതി കണക്ഷനില്ലാതെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് ഇവർ താമസിക്കുന്നത്. വെളിച്ചത്തിനും മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നതിനുമായി കുടുംബം ഒരു സോളാർ പ്ലേറ്റും ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്.
കുടുംബം സാമ്പത്തികമായി ദുർബലമാണെന്നും ഇപ്പോഴും കീപാഡ് ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും സുനിലിന്റെ സഹോദരൻ അജയ് കുമാർ പറഞ്ഞു. ഒരു യുഎസ്ബി കേബിൾ ഉപയോഗിച്ചാണ് ഫോൺ ചാർജിലേക്ക് പ്ലഗ് ചെയ്‌തത്. അഡാപ്റ്റർ കണക്‌റ്റ് ചെയ്‌തിരുന്നില്ല, അതിനാലാണ് അത് പൊട്ടിത്തെറിച്ചത്. ഒരു സ്വകാര്യ ആശുപത്രിയിൽ മകളെ ചികിത്സിക്കാൻ എന്റെ സഹോദരന്റെ പക്കൽ പണമില്ലായിരുന്നു, അല്ലെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ കുടുംബം വിസമ്മതിച്ചതായും നടപടിക്രമങ്ങൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയതായും ഫരീദ്പൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഹർവീർ സിംഗ് പറഞ്ഞു. മൊബൈൽ പൊട്ടിത്തെറിച്ചാണ് പെൺകുഞ്ഞിന് പരിക്കേറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. എന്നാൽ ഇതൊരു അപകടമാണെന്നും കുറ്റം ചുമത്താൻ ആഗ്രഹിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക