സൗദി ദേശീയദിന അവധി പ്രഖ്യാപിച്ചു; ഇത്തവണ സ്വകാര്യ മേഖലയിൽ മൂന്ന് ദിവസം അവധി ലഭിച്ചേക്കും

സൌദി അറേബ്യയിൽ ഈ വർഷത്തെ ദേശീയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലയും, ലാഭേച്ച കൂടാതെ പ്രവർത്തിക്കുന്ന മേഖലയിലേയും സ്ഥാപനങ്ങൾക്ക് സെപ്തംബർ 23ന് (സഫർ 27) വെള്ളിയാഴ്ചയായിരിക്കും 92ാമത് ദേശീയ അവധി ദിനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് അറിയിച്ചു.

അതേ സമയം പൊതു അവധി ദിവസങ്ങൾ വാരാന്ത്യ അവധി ദിവസവുമായി യോജിച്ചു വരുന്നതിനാൽ വെള്ളിയാഴ്ചയിലെ ദേശീയ അവധി ദിനത്തിന് പകരമായി മറ്റൊരു ദിവസം അവധി നൽകണമെന്നാണ് വ്യവസ്ഥ.

ഇതനുസരിച്ച് വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ, അന്നത്തെ ദേശീയ ദിന അവധി തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയോ, അല്ലെങ്കിൽ വാരാന്ത്യ അവധിക്ക് ശേഷമുള്ള പ്രവർത്തിദിവസമോ അവധിയായിരിക്കും.

ഇങ്ങിനെ വരുമ്പോൾ ആഴ്ചയിൽ രണ്ട് ദിവസം (വെള്ളി, ശനി) വാരാന്ത്യ അവധി നൽകിവരുന്ന സ്ഥാപനങ്ങൾ ഇതിനോടൊപ്പം വ്യാഴാഴ്ചയോ, അല്ലെങ്കിൽ ഞായറാഴ്ചയോ അവധി നൽകിയേക്കും. ഫലത്തിൽ മൂന്ന് ദിവസം തുടർച്ചയായ അവധിയായിരിക്കും ഇതിലൂടെ ലഭിക്കുക.

നിലവിൽ ആഴ്ചയിൽ ഒരു ദിവസം വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങൾ വാരാന്ത്യ അവധിക്ക് പുറമെ ദേശീയ ദിന അവധി കൂടി നൽകുമ്പോൾ രണ്ട് ദിവസത്തെ അവധി ലഭിച്ചേക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!