കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സ്വന്തമായി ബുൾഡോസർ വാങ്ങും; മദ്രസകൾ സ്കൂളുകളാക്കും; വഖഫ് ബോർഡ് അധ്യക്ഷൻ
ആദ്യം സ്വന്തമായൊരു ബുൾഡോസർ വാങ്ങുമെന്നും തുടർന്ന് വഖഫ് ഭൂമികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റ്. ബിജെപി നേതാവ് കൂടിയായ മുഹമ്മദ് ഷദാബ് ഷംസാണ് സ്ഥാനമേറ്റ ശേഷം വിവാദ പ്രസ്താവന നടത്തിയത്. യുപി, മധ്യപ്രദേശ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി പ്രാദേശിക- സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ബുൾഡോസർ രാജ് നയം ഏറ്റുപിടിച്ചാണ് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷന്റെ പ്രഖ്യാപനം.
‘വഖഫ് ഭൂമികളിലെ കൈയേറ്റങ്ങളും അനധികൃത കൈവശപ്പെടുത്തലുകളും ഒഴിപ്പിക്കുന്നതിനാണ് ബോർഡിന്റെ പ്രഥമ പരിഗണന. അത് നടപ്പിലാക്കാനായി തങ്ങൾ സ്വന്തമായൊരു ബുൾഡോസർ വാങ്ങും’- അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷദാബ് പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുമായി വിഷയം ചർച്ച ചെയ്തതായും ഉടനടി വഖഫ് ബോർഡ് സ്വന്തം ബുൾഡോസർ വാങ്ങുമെന്നും ബിജെപി നേതാവ് വിശദമാക്കി.
‘വഖഫ് മാഫിയയ്ക്കും കൈയേറ്റക്കാർക്കും മേൽ ഞങ്ങൾ ബുൾഡോസർ പ്രയോഗിക്കും. ഭൂമി തിരിച്ചുപിടിക്കാൻ ബോർഡിന് അതിന്റേതായ ട്രിബ്യൂണലും കോടതിയുമുണ്ട്. ബുൾഡോസർ വാങ്ങാനുള്ള ശുപാർശ അടുത്ത ബോർഡ് മീറ്റിൽ വയ്ക്കും. കൈയേറ്റം ഒഴിപ്പിച്ച ശേഷം അവ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി വിനിയോഗിക്കും. ബോർഡ് അതിന്റേതായ സ്കൂളുകളും കോളേജുകളും നിർമിക്കും. ഉത്തരാഖണ്ഡ് ബോർഡിന്റെ സിലബസ് അനുസരിച്ച് വഖഫ് ബോർഡിന് കീഴിലുള്ള മദ്രസകൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉണ്ടെന്ന് ഉറപ്പാക്കും’.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക