പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വീസ കാലാവധി സൗജന്യമായി നീട്ടി നൽകും

അബുദാബി/ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ കുടുങ്ങിയ ഗൾഫ് പൗരന്മാടക്കമുള്ള വിദേശിയർക്കായി വീസ കാലാവധി നീട്ടാനും ഓവർസ്റ്റേ പിഴകൾ ഒഴിവാക്കാനും ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇന്നലെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യൻ വീസകൾ അല്ലെങ്കിൽ ഇ-വീസകൾ കാലാവധി അവസാനിക്കുന്നവയാണെങ്കിൽ അവ ഒരു മാസത്തേക്ക് സൗജന്യമായി നീട്ടി നൽകും. ബന്ധപ്പെട്ട ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസുകൾ (എഫ്ആർആർഒ) ഓരോ വ്യക്തിയുടെയും സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും ഈ ഇളവുകൾ അനുവദിക്കുക.

ഈ വർഷം ഫെബ്രുവരി 28-ന് ശേഷം പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കാരണം ഇന്ത്യയിൽ തുടരേണ്ടി വരികയും വീസ കാലാവധി കഴിയുകയും ചെയ്ത വിദേശ പൗരന്മാർക്ക് ഓവർസ്റ്റേ പിഴ പൂർണമായും ഒഴിവാക്കി നൽകും.

യാത്രക്കാർക്ക് എക്സിറ്റ് പെർമിറ്റുകളും യാതൊരു ചാർജും കൂടാതെ ലഭ്യമാക്കും. വീസ നീട്ടുന്നതിനോ എക്സിറ്റ് പെർമിറ്റിനോ അപേക്ഷിക്കാൻ സാധിക്കാത്തത് കുടിയേറ്റ നിയമങ്ങളുടെ ലംഘനമായി കണക്കാക്കില്ല എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.

കൂടാതെ, സംഘർഷം കാരണം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് ഇന്ത്യയിലെത്തുന്ന വിദേശ പൗരന്മാർക്ക് സൗജന്യമായി താൽക്കാലിക ലാൻഡിങ് പെർമിറ്റ് അനുവദിക്കുകയും ചെയ്യും. വിനോദ സഞ്ചാരം, ചികിത്സ, വിദ്യാഭ്യാസം, മറ്റു ഔദ്യോഗികാവശ്യങ്ങൾ എന്നിവയ്ക്കായി ഒട്ടേറെ ഗൾഫ് പൌരന്മാർ ഇന്ത്യയിലെത്താറുണ്ട്.

പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വിദേശികൾക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ ഈ മാനുഷികപരമായ തീരുമാനം. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക ചാനലുകൾ വഴി മാത്രം വിവരങ്ങൾ ആരായാൻ അധികൃതർ നിർദേശിക്കുന്നു.

Share
error: Content is protected !!