വ്യോമാക്രമണങ്ങൾക്കിടയിലും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ ദശലക്ഷങ്ങളുടെ റാലി

ടെഹ്റാൻ: ഇസ്‌റാഈൽ-അമേരിക്കൻ സംഖ്യത്തിന്റെ വ്യോമാക്രമണങ്ങൾക്കിടയിലും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ ദശലക്ഷങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര ഖുദ്‌സ് ദിന റാലികൾ നടന്നു.

റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ടെഹ്‌റാനിലുൾപ്പെടെ നടന്ന റാലികളിൽ, രാജ്യത്തെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള സയ്യിദ് മുജ്തബ ഖമനഈക്ക് അഭിവാദ്യമർപ്പിച്ചും ഇസ്‌റാഈൽ അധിനിവേശത്തെ അപലപിച്ചും ജനങ്ങൾ തെരുവിലിറങ്ങി.

അതിനിടെ, റാലിക്കിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്‌റാഈൽ-അമേരിക്കൻ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണം 14-ാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച ഉച്ചയോടെയാണ് ജനനിബിഡമായ ഫിർദൗസി സ്ക്വയറിൽ സ്ഫോടനമുണ്ടായത്. ഖുദ്സ് ദിന റാലി നടന്ന എൻക്വിലാബ് സ്ട്രീറ്റിന് സമീപമാണ് സംഭവം.

കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പ്രദേശം പുകപടലങ്ങളാൽ മൂടിയെങ്കിലും, പിന്മാറാൻ തയ്യാറാകാത്ത പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി റാലി തുടർന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനിൽ തുടരുന്ന കനത്ത വ്യോമാക്രമണങ്ങളിൽ 1,300-ലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വർഷത്തെ ഖുദ്‌സ് ദിനം ആചരിച്ചത്. ടെഹ്‌റാനിലെ ഇൻക്വിലാബ് സ്ക്വയറിൽ നടന്ന റാലിക്ക് തൊട്ടടുത്ത് സ്ഫോടനങ്ങൾ കേട്ടപ്പോഴും “അല്ലാഹു അക്ബർ” വിളികളുമായി ജനങ്ങൾ പ്രതിഷേധം തുടർന്നു. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനിടയിലും, ഫലസ്തീൻ വിമോചനമെന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രകടനക്കാർ പ്രഖ്യാപിച്ചു.

Share
error: Content is protected !!