പാചകവാതക ക്ഷാമം: ഇൻഡക്ഷൻ കുക്കറുകൾക്ക് വൻ ഡിമാൻഡ്

ന്യൂഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിൽ പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതോടെ ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറുന്നു.

മുൻനിര ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ മിക്കയിടത്തും ഇൻഡക്ഷൻ കുക്കറുകൾ സ്റ്റോക്ക് തീർന്ന നിലയിലാണ്. ബ്ലിങ്കിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ മിക്ക മോഡലുകളും ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും കെന്റ്, ഉഷ തുടങ്ങിയ ചുരുക്കം ചില ബ്രാൻഡുകൾ ഒഴികെ മറ്റുള്ളവയെല്ലാം വിറ്റുപോയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻഡക്ഷൻ കുക്കറുകളുടെ ആവശ്യകതയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ക്രോമയിൽ മാത്രം മൂന്നിരട്ടി വർധനവ് രേഖപ്പെടുത്തിയതായി ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശിബാശിഷ് റോയ് അറിയിച്ചു.

പീജിയൻ, ഗിൽമ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡും ഓൺലൈൻ വിൽപനയിൽ നാലിരട്ടി വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതോടെയാണ് വിപണിയിൽ ഇത്തരമൊരു മാറ്റം ദൃശ്യമായതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി പറഞ്ഞു.

വിവിധ നഗരങ്ങളിലെ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ സിലിണ്ടറുകൾക്കായി വലിയ ക്യൂ അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. വാണിജ്യ സിലിണ്ടറുകളുടെ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി ഗാർഹിക ആവശ്യങ്ങൾക്കായി സർക്കാർ മുൻഗണന നൽകുന്നുണ്ടെങ്കിലും, ബദൽ സംവിധാനമെന്ന നിലയിൽ ഇൻഡക്ഷൻ കുക്കറുകളെ ആശ്രയിക്കുകയാണ് ജനങ്ങൾ.

എന്നാൽ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ബുക്കിംഗ് നടത്തി രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതമാണെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തിന് ആവശ്യമായ 70 ശതമാനം എണ്ണയും സ്ട്രെയിറ്റ് ഓഫ് ഹോർമുസിന് പുറത്തുള്ള പാതകൾ വഴിയാണ് എത്തുന്നത്. കൂടാതെ എൽ പി ജി ഉൽപ്പാദനം 25 ശതമാനം വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ ഉറപ്പുകൾ നിലനിൽക്കുമ്പോഴും ഉപഭോക്താക്കൾക്കിടയിലെ ആശങ്ക വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

Share
error: Content is protected !!