ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ നീക്കം; വിമാന യാത്രക്ക് ഇനി ചെലവേറും

ന്യൂഡല്‍ഹി: വിമാന യാത്രക്ക് ഇനി ചെലവേറും. വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിലയില്‍ വന്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും തീരുമാനിച്ചതോടെയാണിത്. നാളെ മുതല്‍ ബുക്ക് ചെയ്യുന്ന വിമാനയാത്രകള്‍ക്കാണ് കൂടിയ നിരക്ക് ഈടാക്കുക.

ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകള്‍ക്ക് 10 ഡോളര്‍ അധിക ചാര്‍ജ് ഈടാക്കും. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ഈമാസം 18 മുതല്‍ സര്‍ചാര്‍ജ് ഈടാക്കിത്തുടങ്ങും. ഹോങ്കോംഗ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സര്‍ചാര്‍ജ് നിരക്ക് പിന്നീട് പ്രഖ്യാപിക്കും.

പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകള്‍ക്ക് പത്ത് ഡോളര്‍ വരെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ അധിക ബാധ്യതയുണ്ടാവാന്‍ ഇത് ഇടവരുത്തും. എന്നാല്‍, നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കില്ല.

വിമാന ഇന്ധനത്തിന്റെ വില കൂടുന്നത് പ്രവര്‍ത്തന ചെലവിനെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വിശദീകരണം. ആകെ ചെലവിന്റെ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ധനത്തിന് വില വര്‍ധനയുണ്ടാകുമ്പോള്‍ സര്‍ചാര്‍ജ് കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കമ്പനികളുടെ വാദം. മാര്‍ച്ച് തുടക്കം മുതല്‍ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനയുണ്ടായതായാണ് പറയുന്നത്. എയര്‍ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും ഇന്ധനസര്‍ചാര്‍ജ് പ്രഖ്യാപിച്ചേക്കും.

Share
error: Content is protected !!