പശ്ചിമേഷ്യൻ സംഘർഷം: ദുബൈ വിമാനത്താവളം താത്കാലികമായി അടച്ചു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. നിലവിൽ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയന്ത്രിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസും അറിയിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്ന് എമിറേറ്റ്സ് കർശന നിർദ്ദേശം നൽകി. സാഹചര്യം വിലയിരുത്തിയ ശേഷം പുതിയ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.
ഫെബ്രുവരി 28 നും മാർച്ച് 31 നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ടിക്കറ്റുകൾ ഏപ്രിൽ 30 നുള്ളിൽ മറ്റൊരു തീയതിയിലേക്ക് മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും തിരികെ വാങ്ങാനോ സാധിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.


