‘ഭീകരവാദത്തിനു തുല്യം’; വിഡിയോ നിർണായകമായി, കൂട്ടിൽ കൊലക്കേസില്‍ 5 പ്രതികൾക്ക് ജീവപര്യന്തം

മഞ്ചേരി: മങ്കട കൂട്ടിൽ സദാചാര കൊലക്കേസില്‍ 5 പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും 85,000 രൂപ വീതം പിഴയും ശിക്ഷ. കൂട്ടിൽ കുന്നശേരി നസീർ ഹുസൈനെ അനാശാസ്യം ആരോപിച്ച് സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഒന്നുമുതൽ അഞ്ച് വരെ പ്രതികളായ മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), സുഹൈല്‍ (34), അബ്ദുല്‍ ഗഫൂര്‍ (52), സക്കീര്‍ ഹുസൈന്‍ (43) എന്നിവർക്കാണ് മഞ്ചേരി ഒന്നാം അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജി എം.തുഷാർ ശിക്ഷ വിധിച്ചത്.

മൂന്നും അഞ്ചും പ്രതികളായ സുഹൈൽ, സക്കീർ ഹുസൈൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പും തെളിഞ്ഞു. ഇവർ 2 വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്ക്കണം. പ്രതികൾ നടത്തിയത് ഭീകരവാദത്തിന് സമാനമായ പ്രവർത്തനമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. 2016 ജൂൺ 28ന് പുലർച്ചെ 3 ന് കൂട്ടിലിലെ ഒരു വീട്ടിൽവച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. 

കൊലപാതകം, ന്യായ വിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കൽ, വീട്ടിലേക്ക് അതിക്രമിച്ചു കയറൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 70 സാക്ഷികളുള്ള കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. മാത്യു 39 പേരെ വിസ്തരിച്ചു. മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും കേസിൽ നിർണായകമായി. പെരിന്തൽമണ്ണ സിഐമാരായിരുന്ന സിദ്ദീഖ്, സാജു കെ.എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ചത്.

Share
error: Content is protected !!