പത്തുവര്‍ഷത്തെ ഇടവേള: സഊദി എയര്‍ലൈൻസ് കരിപ്പൂരിൽ

മലപ്പുറം: സൗദി എയര്‍ലൈൻസ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തു. പത്തുവര്‍ഷത്തിനുശേഷം ഇടവേളയ്ക്കുശേഷമാണ് സൗദി എയര്‍ലൈന്‍സ് സർവീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക.

ഇന്ന് രാവിലെയാണ് വിമാനം സര്‍വീസ് പുനരാരംഭിച്ചത്. 185 മുതൽ 239 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. രാവിലെ 8.35ന് കോഴിക്കോട് എത്തുന്ന വിമാനം 9.45ന് കോഴിക്കോട് നിന്ന് റിയാദിലേക്ക് പുറപ്പെടും.

തുടക്കത്തിൽ ആഴ്ചയിൽ നാല് സര്‍വീസുകളാണ് സൗദി എയര്‍ലൈൻസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഫെബ്രുവരി ഒന്ന് മുതൽ മാര്‍ച്ച് 14വരെയാണ് ഈ സമയക്രമം. മാര്‍ച്ച് 15 മുതൽ ആഴ്ചയിൽ ആറു ദിവസവും സര്‍വീസുണ്ടാകും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. മാര്‍ച്ച് 28വരെയുള്ള സമയക്രമമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 2015ൽ റണ്‍വേ നവീകരണത്തെതുടര്‍ന്നാണ് സൗദി എയര്‍ലൈൻസ് കരിപ്പൂര്‍ വിട്ടത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതുടര്‍ന്നായിരുന്നു ഇത്.

യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിദ്ദ സര്‍വീസ് ആരംഭിക്കാൻ ഇനിയും സമയമെടുക്കും. അഞ്ച് മണിക്കൂറിൽ താഴെ പറക്കാൻ സമയമുള്ള സ്ഥലങ്ങളിലേക്കേ ചെറിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകു. ജിദ്ദ സര്‍വീസിന് ആറു മണിക്കൂറിന് മുകളിൽ സമയമെടുക്കും. ഇത്ര സമയം പറക്കാനുള്ള ഇന്ധനം സംഭരിക്കാൻ വലിയ വിമാനങ്ങള്‍ക്കേ സാധിക്കു. റെസ നവീകരണം പൂര്‍ത്തിയായാലേ കരിപ്പൂര്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളു.

Share
error: Content is protected !!