ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം, വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു

കൊച്ചി: 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോയ വിമാനത്തിന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ്. ജിദ്ദയിൽനിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയിൽ ഇറങ്ങിയത്. വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചുവെന്ന് പിന്നീടുനടന്ന പരിശോധനയിൽ കണ്ടെത്തി. ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്. 

ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽനിന്ന് ടേക്ക് ഓഫിനിടെ ടയറിൽ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങൾ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. 

160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 9.07ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി സിയാൽ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാൻഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. ബാഗേജുകൾ വിട്ടുകൊടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അതിനുശേഷം ഇവരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 

Share
error: Content is protected !!