ബസ് ലോക്ക് ചെയ്ത് ഡ്രൈവർ പോയി; വിദ്യാർഥി ബസിനുള്ളിൽ കുടുങ്ങി

മസ്‌കത്ത്: മസ്‌കത്തില്‍ സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥി കുടുങ്ങി. വിദ്യാര്‍ഥി ബസില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവര്‍ ലോക്ക് ചെയ്ത് പുറത്തുപോവുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തി. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഒരു സ്‌കൂളിലെ ബസില്‍ വിദ്യാര്‍ഥി അകപ്പെട്ടത്. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡയറക്ടറേറ്റ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥിക്ക് എതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളും അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ആവശ്യമായ എല്ലാ നിയമ നടപടികളും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്വീകരിച്ചതായും ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.

Share