സൗദി ഗ്രാൻഡ് മുഫ്തിയുടെ ഖബറടക്കം പൂർത്തിയായി; ആലുശൈഖിന് റിയാദിൽ അന്ത്യവിശ്രമം – വിഡിയോ

റിയാദ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതനുമായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഷെയ്ഖിന്റെ മയ്യിത്ത് നമസ്കാരം ഇന്ന് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ വെച്ച് നടന്നു. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചടങ്ങുകളിൽ സന്നിഹിതനായിരുന്നു. തുടർന്ന് ഇന്ന് അസർ നമസ്കാരനന്തരം രാജ്യത്തുടനീളമുള്ള പള്ളികളിൽ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കാരം നടന്നു.

മുസ്ലീം വേൾഡ് ലീഗിന്റെ സുപ്രീം കൗൺസിൽ ചെയർമാൻ, ശാസ്ത്ര ഗവേഷണത്തിനുള്ള ജനറൽ പ്രസിഡൻസി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഷെയ്ഖിന്റെ നിര്യാണം ഇന്ന് രാവിലെയാണ് റോയൽ കോർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
.


.

അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും ഇസ്ലാമിക ലോകത്തിനും വലിയ നഷ്ടമാണെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ശാസ്ത്രത്തിനും ഇസ്ലാമിന്റെയും മുസ്ലീങ്ങളുടെയും സേവനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും ഭരണാധികാരിയുമായ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഷെയ്ഖിന്റെ കുടുംബത്തിനും സൗദി ജനതയ്ക്കും ഇസ്ലാമിക ലോകത്തിനും അവർ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന് അല്ലാഹുവിന്റെ കരുണയും സ്വർഗ്ഗവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റോയൽ കോർട്ട് കൂട്ടിച്ചേർത്തു.
.

Share