കെട്ടിടത്തിന് മുകളിൽനിന്ന് തെന്നി വീണു; സന്ദർശക വിസയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്: ദുബായിൽ കെട്ടിടത്തിന് മുകളിൽനിന്ന് തെന്നി വീണ് സന്ദർശക വീസയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് മിഷാൽ (19) ആണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ കയറി ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

താമസ കെട്ടിടത്തിന് മുകളിൽ കയറി ഫോട്ടോ എടുക്കാൻ ശ്രമിക്കവേ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ മിഷാലിനെ ഉടൻ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകനാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Share
error: Content is protected !!