കേസെടുത്തത് വെറും സംശയത്തിൽ; കേസ് ഡയറിയിൽ ഇതു വ്യക്തം: കന്യാസ്ത്രീകളുടെ ജാമ്യവിധിയിൽ കോടതി
റായ്പുർ: ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ തെളിവു കണ്ടെത്താനായില്ലെന്ന് എൻഐഎ കോടതി. ജാമ്യം അനുവദിച്ചു പുറത്തുവന്ന വിധിപ്പകർപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കേസ് ഡയറിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഡിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി ജഡ്ജി സിറാജുദ്ദീൻ ഖുറേഷി വിധിപ്പകർപ്പിൽ വ്യക്തമാക്കിയത്.
പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു. വിധിപ്പകർപ്പിന്റെ ആദ്യ ഭാഗത്ത് ഇരുകൂട്ടരുടെയും വാദം ചേർത്തിട്ടുണ്ട്.
.
കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം ലഭിക്കാൻ അർഹതയുണ്ടോയെന്നാണു കോടതി പരിശോധിച്ചത്. കുറ്റം ചെയ്തുവെന്നതിലല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്. ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണെന്നും അതുകൊണ്ടുതന്നെ നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കുട്ടിക്കാലം മുതലേ ക്രിസ്ത്യാനികളാണെന്നു പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല, മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളവരല്ല. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഇവരുടെ മാതാപിതാക്കളുടെ മൊഴിയും വിധിപ്പകർപ്പിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കന്യാസ്ത്രീകൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അതേസമയം, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
.
അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും രാജ്യം വിടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഹാജരാകണം. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് പുറത്തുവിടുന്നത്. കസ്റ്റഡി ആവശ്യം പ്രോസിക്യൂഷൻ നൽകിയിരുന്നില്ല. അന്വേഷണം എൻഐഎ തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുക. മാധ്യമങ്ങളോടു സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം അരുത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണം തുടങ്ങിയ ഉപാധികളും ഉണ്ട്.
ഇന്നലെയാണ് എൻഐഎ കോടതിയിൽ കന്യാസ്ത്രീകൾക്കുവേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇന്നലെത്തന്നെ വാദം പൂർത്തിയായെങ്കിലും കേസിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു.


