3000 കോടിയുടെ വായ്പത്തട്ടിപ്പ് കേസ്; അനിൽ അംബാനിക്കെതിരേ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

മുംബൈ: യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിൽ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനിൽ അംബാനിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി റിപ്പോർട്ട്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ പലയിടങ്ങളില്‍നിന്നായി നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഓഗസ്റ്റ് അഞ്ചിന് ഹാജരാകാന്‍ അദ്ദേഹത്തോട് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്.

.

3000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂലായ് 24- മുതലാണ് ഇ.ഡി. പരിശോധന ആരംഭിച്ചത്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ 35 കേന്ദ്രങ്ങളിലാണ് പരിശോധന. ഇതില്‍ 50 കമ്പനികളും അനില്‍ അംബാനി ഗ്രൂപ്പ് കമ്പനീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിയമനടപടികൾ ഒഴിവാക്കാൻ വ്യക്തികൾ രാജ്യം വിട്ടുപോകുന്നത് തടയാനാണ് സാധാരണയായി ലുക്ക് ഔട്ട് സർക്കുലർ ഉപയോഗിക്കുന്നത്.

.

2017ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിനും തെളിവുലഭിച്ചിട്ടുണ്ട്. യെസ് ബാങ്ക് വായ്പയ്ക്ക് അനുമതിനല്‍കിയതില്‍ വലിയ പിഴവുകളുണ്ടായതായും ഇഡി പറയുന്നു. വായ്പകള്‍ ഒറ്റവര്‍ഷംകൊണ്ട് ഇരട്ടിയായ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്.

.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തിനു മുന്‍പുനടന്ന ഇടപാടുകളിലാണ് പരിശോധനകള്‍ നടക്കുന്നതെന്നാണ് നേരത്തേ റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ പ്രതികരിച്ചിരുന്നത്. രണ്ടുകമ്പനികളുടെയും ബോര്‍ഡില്‍ അനില്‍ അംബാനിയില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു കമ്പനികളുടെയും പ്രവര്‍ത്തനങ്ങളെ നടപടികള്‍ ബാധിക്കില്ലെന്നും കമ്പനികള്‍ പറഞ്ഞിരുന്നു.

 

 

Share