കോഴിക്കോട്ടേക്കുള്ള സലാം എയർ സർവീസുകൾ റദ്ദാക്കി; ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ആശങ്കയിൽ
മസ്കത്ത്: ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ മസ്കത്ത്-കോഴിക്കോട് സെക്ടറിലെ സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ജൂലൈ 12 വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. വേനലവധിക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും ഈ തീരുമാനം വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ അവധി ആരംഭിച്ചതിനാൽ വൻ തുകയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ സലാം എയർ റദ്ധാക്കുക കൂടി ചെയ്തതോടെ പകരം വിമാനം കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വരും.
വിമാനക്കമ്പനിക്ക് ആവശ്യമായ എയർക്രാഫ്റ്റുകൾ ലഭ്യമല്ലാത്തതും യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതുമാണ് സർവീസുകൾ നിർത്തിവെക്കാൻ കാരണമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ, ജൂലൈ 13-ന് ശേഷം സർവീസുകൾ പുനരാരംഭിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തത് ട്രാവൽ ഏജൻസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പലർക്കും കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകൾ നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഏജൻസികൾ പറയുന്നു.
.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിലവിലുള്ള വിലക്ക് കാരണം, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ സലാം എയർ പോലുള്ള ബജറ്റ് വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വേനലവധിക്ക് കുടുംബങ്ങളോടൊപ്പം നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത നിരവധി പ്രവാസികൾക്ക് സലാം എയറിന്റെ റദ്ദാക്കൽ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. മറ്റു വിമാനങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി യാത്ര ചെയ്യേണ്ടി വരുന്നതും, യാത്രാ ഷെഡ്യൂളുകളിലെ മാറ്റങ്ങളും അവരെ വലയ്ക്കുന്നുണ്ട്.
.
വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സലാം എയർ കഴിഞ്ഞ ദിവസം മുതൽ ട്രാവൽ ഏജന്റുമാർക്കും നേരിട്ട് യാത്രക്കാർക്കും അയച്ചു തുടങ്ങിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് റീബുക്ക് ചെയ്യാനോ മറ്റ് വിവരങ്ങൾ അറിയാനോ സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫോൺ നമ്പറുകളിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ട്രാവൽ ഏജൻസികളും പ്രവാസി സംഘടനകളും സലാം എയറുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് സർവീസുകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ എംബസികളും നോർക്ക റൂട്ട്സ് പോലുള്ള സംവിധാനങ്ങളും ഇടപെടണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



