താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചു; സൗദിയിൽ 13,500-ലധികം വിദേശികൾ പിടിയിൽ, കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 13,500-ലധികം പേരെ ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ പിടികൂടി. രാജ്യവ്യാപകമായി നടത്തിയ ഫീൽഡ് കാമ്പയിനുകളിലാണ് ഇത്രയധികം നിയമലംഘകർ പിടിയിലായത്.

പിടിയിലായവരിൽ 8,000 പേർ താമസ (ഇഖാമ) നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടവരാണ്. 3,700 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 1,800 പേർ തൊഴിൽ നിയമലംഘകരുമാണ്. കൂടാതെ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,892 പേരെയും പിടികൂടി. ഇവരിൽ 31% യെമനികളും 67% എത്യോപ്യക്കാരും 2% മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 34 പേരെയും, നിയമലംഘകരെ കടത്തുകയോ സംരക്ഷിക്കുകയോ ജോലിക്കെടുക്കുകയോ ചെയ്ത 17 പേരെയും പിടികൂടിയിട്ടുണ്ട്. നിലവിൽ, 12,000 പ്രവാസികളായ നിയമലംഘകർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇവരിൽ ഏകദേശം 11,000 പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്.

നടപടികളുടെ ഭാഗമായി 6,200 നിയമലംഘകരെ യാത്രാരേഖകൾക്കായി അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. 2,000 പേരെ യാത്രാ ടിക്കറ്റുകൾ പൂർത്തിയാക്കുന്നതിനും 9,400 പേരെ നാടുകടത്തുകയും ചെയ്തു.

അതിർത്തി സുരക്ഷാ നിയമലംഘകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനോ, കടത്തുന്നതിനോ, അഭയം നൽകുന്നതിനോ, സഹായിക്കുന്നതിനോ കർശന ശിക്ഷയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും നിയമലംഘകർക്ക് ഉപയോഗിച്ച ഗതാഗത, താമസ സൗകര്യങ്ങൾ കണ്ടുകെട്ടുന്നതും പരസ്യമായി അപമാനിക്കുന്നതും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
.

.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!